National
പൗരത്വ പ്രക്ഷോഭം: രണ്ട് വര്‍ഷത്തിന് ശേഷം അഖില്‍ ഗൊഗോയി ജയില്‍ മോചിതനായി

ന്യൂഡല്‍ഹി | അസമിലെ പൗരത്വ പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളിയായ അഖില്‍ ഗൊഗോയി രണ്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. രാജ്യദ്രോഹ കേസ് അടക്കം തന്റെ പേരില്‍ ചുമത്തപ്പെട്ട മുഴുവന്‍ കേസുകളിലും കുറ്റവിമുക്തനായാണ് അദ്ദേഹം ജയിലിന് പുറത്തിറങ്ങിയത്.
യു എ പി എ എന്ന കരിനിയമത്തിനെതിരായ പോരാട്ടത്തിനാണ് ഇനി തന്റെ പ്രഥമ പരിഗണനയെന്ന് ജയിലിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ചരിത്രപരമായ ദിവസമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിലും നയങ്ങളിലുമൊന്നും ജനാധിപത്യമില്ല. എങ്കിലും ഈ വിധി ജുഡീഷ്യറിയെക്കുറിച്ച് ഞങ്ങളില്‍ വിശ്വാസമുണ്ടാക്കുന്നു. യു എ പി എ ഒരു കരിനിയമമാണ്. അതിനെ നമ്മള്‍ തള്ളിക്കളയണം. ഞാന്‍ അതിനെതിരെ പോരാടുക തന്നെ ചെയ്യും. യു എ പി എ ചുമത്തി ജയിലിലടക്കപ്പെട്ടവര്‍ക്കായി ഒരു പ്രസ്ഥാനം ആരംഭിക്കും. സോഷ്യല്‍ മീഡിയയിലോ, വാര്‍ത്താ മാധ്യമങ്ങളിലോ, മറ്റു പൊതുഇടങ്ങളിലോ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളെ അറസ്റ്റു ചെയ്യുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത് ചരിത്ര സംഭവാണ്. ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കാതെയാണ് താന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ജനങ്ങളിലുള്ള വിശ്വാസാണ് വിജയിച്ചത്. ജനങ്ങളുടെ ശബ്ദമായി നിയമസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.