Health
സ്‌പോര്‍ട്‌സ് ഇഞ്ചുറികളും ഷോക്ക് വേവ് തെറാപ്പിയും

കായിക താരങ്ങള്‍ക്ക് പരിക്കുകള്‍ പുതുമയുള്ള കാര്യമല്ല. സാധാരണഗതിയില്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്കാണ് കൂടുതലായി പരിക്കേല്‍ക്കുന്നത്. സ്‌പോര്‍ട്‌സ് ഇഞ്ചുറികള്‍ അവഗണിച്ചു കളയരുത്. കൃത്യമായ ചികിത്സ ആവശ്യമാണെന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഫുട്‌ബോളിനെ തുടര്‍ന്ന് കണ്ടുവരുന്ന പരിക്കുകള്‍ ഫിസിയോ തെറാപ്പി ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ്. ലോകത്താകമാനം ഏകദേശം 265 മില്യണ്‍ ജനങ്ങള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു. എന്നാല്‍ ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടാകുന്ന പരിക്കുകളില്‍ പലതും അവഗണിക്കപ്പെടുന്ന സ്ഥിതിയുണ്ട്.
മൂന്ന് പ്രധാനപ്പെട്ട പരിക്കുകളാണ് ഫുട്‌ബോൾ താരങ്ങളിൽ കണ്ടുവരുന്നത്.
1. തുടയ്ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍,
2. കണങ്കാലിന് ഏല്‍ക്കുന്ന പരിക്കുകള്‍,
3.ലിഗ്മെന്റുകള്‍ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍.
തുടയിലെ പേശികള്‍ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ ഏകദേശം 35 ശതമാനവും കാലിന് ഏല്‍ക്കുന്ന പരിക്കുകള്‍ ഏകദേശം 34 ശതമാനവും എസി എല്‍, പിസി എല്‍ എന്നീ ലിഗ്മെന്റുകള്‍ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ ഏകദേശം 1 ശതമാനവുമാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏറ്റവും കൂടുതല്‍ ക്ഷതമേല്‍പ്പിക്കുന്നത് ലിഗ്മെന്റ് ഇഞ്ചുറിയാണ്. മാനസികമായും ശാരീരികമായും സാമ്പത്തികമായും സ്‌പോര്‍ട്‌സ് താരത്തെ പ്രയാസപ്പെടുത്താന്‍ ഈ പരിക്ക് കാരണമാകുന്നു. സര്‍ജറിയും അതിനുശേഷമുള്ള ഫിസിയോ തെറാപ്പിയും റിഹാബിലിറ്റേഷനും ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണ്ണമായും കളിയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ.
തുടയിലെ പരിക്കും നിസാരക്കാരനല്ല. ഈ ഇഞ്ചുറിയ്ക്ക് ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസം ലഭിക്കും. ഏതെല്ലാം രീതിയില്‍ പരിക്ക് വരാതെ തടയാം, പരിക്ക് വന്നുകഴിഞ്ഞാല്‍ അതിനെ എങ്ങനെ മറികടക്കാം എന്ന കാര്യത്തിലും കൃത്യമായ ധാരണയുണ്ടായിരിക്കണം. അക്യൂട്ട് പരിക്കുകള്‍ക്ക് വിശ്രമവും ഐസിങ് ചെയ്യുകയുമാണ് പതിവ്. തുടര്‍ന്ന് നീര് മാറിയതിനുശേഷം ചെറിയ രീതിയില്‍ സ്ട്രച്ചിങ് വ്യായാമങ്ങള്‍ ചെയ്താല്‍ താരത്തെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും.
ഒരു പരിക്ക് വന്ന് മാറിക്കഴിഞ്ഞാല്‍ വീണ്ടും വരുമ്പോള്‍ എങ്ങനെ പൂര്‍ണ്ണമായി മാറ്റാം എന്നതിനും ഇപ്പോള്‍ മാര്‍ഗമുണ്ട്. അത്യാധുനിക ഷോക്ക് വേവ് ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ് ഇത്. ഷോക്ക് വേവ് ഉപയോഗിച്ച് ക്രോണിക് പരിക്കുകള്‍ വരെ മാറ്റിയെടുക്കാന്‍ സാധിക്കും. ഹൈ പ്രഷര്‍ എനര്‍ജി വേവ് ഉപയോഗിച്ച് രക്തചംക്രമണം ത്വരിതപ്പെടുത്തി വേദനയെ മിനിറ്റുകള്‍കൊണ്ട് പൂര്‍ണ്ണമായും സുഖപ്പെടുത്തുന്ന ചികിത്സാരീതിയാണിത്. ഷോള്‍ഡറിനും മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദന മാറ്റാനും ഈ ട്രീറ്റ്‌മെന്റിലൂടെ സാധിക്കും.
ലിഗ്മെന്റിന് വരുന്ന പരിക്കുകള്‍ക്ക് ഓപ്പറേഷനും റീഹാബിലിറ്റേഷനും ആവശ്യമാണ്. കണങ്കാലിന് ഏല്‍ക്കുന്ന പരിക്കുകള്‍ ഗ്രേഡുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണ്ണയിക്കുന്നത്. സാധാരണയായി മൂന്ന് ആഴ്ചത്തെ പ്ലാസ്റ്ററും കണങ്കാലിന് റീഹാബിലിറ്റേഷനും നല്‍കിയാണ് കളിക്കാന്‍ പ്രാപ്തമാക്കുന്നത്. ഫുട്‌ബോള്‍ കളിക്കുന്നതിനു മുന്‍പ് വാം അപ് ചെയ്തതിനുശേഷം മാത്രം കളിയ്ക്കാന്‍ ആരംഭിക്കുന്നതാണ് നല്ലത്.
ഫിഫ 11 എന്ന വാം അപ് പ്രോഗ്രാമനുസരിച്ച് പത്തോ പതിനഞ്ചോ മിനിട്ട് വാം അപ് ചെയ്തതിനുശേഷം കളിക്ക് ഇറങ്ങുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്താല്‍ ഒരുപരിധി വരെ പരിക്കുകള്‍ ഇല്ലാതാക്കാന്‍ കഴിയും.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഫിസിയോ സജീഷ് പി. എസ്
സ്പോര്‍ട്‌സ് വിഭാഗം സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ്,
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്
തയ്യാറാക്കിയത്:
റഫീഷ. പി