Kerala
തുടര്‍ച്ചയായ പരിശോധനകള്‍; 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കിറ്റെക്‌സ്

കൊച്ചി | തുടര്‍ച്ചയായ പരിശോധനകളില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കിറ്റെക്‌സ്. കഴിഞ്ഞ വര്‍ഷം നിക്ഷേപ സംഗമത്തില്‍ സര്‍ക്കാറുമായി ഒപ്പുവച്ച ധാരണാപത്രത്തില്‍ നിന്നുമാണ് പിന്മാറുന്നത്. ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതില്‍ നിന്നാണ് പിന്മാറുന്നതെന്ന് എം ഡി. സാബു ജേക്കബ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 11 പരിശോധനകളാണ് കമ്പനിയില്‍ നടന്നതെന്നാണ് കിറ്റെക്‌സ് എം ഡി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചത്.
ഇതുകാരണം നിലവിലെ വ്യവസായം പോലും മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങാന്‍ ആരും തയാറാകില്ല. താന്‍ രാഷ്ട്രീയത്തിലിറങ്ങിയതിനും പ്രധാന മുന്നണികള്‍ക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുമുള്ള വിരോധത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗമാണ് പരിശോധനകളെന്ന് സാബു ജേക്കബ് ആരോപിച്ചു.