Kuwait
കുവൈത്തില്‍ ഇരട്ട കൊലപാതകം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സിറിയന്‍ യുവാവ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇരട്ട കൊലപാതകം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സിറിയന്‍ യുവാവ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തന്റെ മാതാവിനെയും ട്രാഫിക് പോലീസുകാരനെയും കൊല ചെയ്ത ശേഷമാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകങ്ങള്‍ അരങ്ങേറിയത്.
കൊല നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്‌പെഷ്യല്‍ ഫോഴ്‌സുമായി ഏറ്റുമുട്ടിയ ഇയാള്‍ക്ക് വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമാണുണ്ടായത്. ഖുസൂര്‍ പ്രദേശത്ത് സ്വദേശി വനിതയായ സ്വന്തം മാതാവിനെ കൊലപ്പെടുത്തി സിറിയന്‍ യുവാവ് കടന്നു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് പ്രതിയെ കണ്ടുപിടിക്കുന്നതിന് രാജ്യ വ്യാപകമായി പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ മഹബൂല റൗണ്ട് എബൗട്ട് പ്രദേശത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന വാജിബ് അബ്ദുല്‍ അസീസ് അല്‍ റഷീദി എന്ന പോലീസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ വഴി നടത്തിയ പരിശോധനയിലാണ് പോലീസുകാരനെ കൊലപ്പെടുത്തിയതും മാതാവിനെ കൊലപ്പെടുത്തി കടന്നു കളഞ്ഞ പ്രതി തന്നെയാണെന്ന് വ്യക്തമായത്.