Connect with us

National

ജീവനക്കാര്‍ക്കിടയില്‍ പത്ത് സ്ത്രീധന വിരുദ്ധ നയങ്ങള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായ കമ്പനി

Published

|

Last Updated

ന്യൂഡല്‍ഹി | ജീവനക്കാര്‍ക്കിടയില്‍ കര്‍ശനമായ പത്ത് സ്ത്രീധന വിരുദ്ധ നയങ്ങള്‍ അവതരിപ്പിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള കമ്പനി. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ തൊഴിലാളികളുടെ കരാര്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ധാരാളം സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നതിന്റെ വെളിച്ചത്തിലാണ് കമ്പനി പുതിയ നയവുമായി മുന്നോട്ടു വന്നത്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സി ഇ ഒയുമായ സോഹന്‍ റോയ് ആണ് ഈ വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നയം പ്രഖ്യാപിച്ചത്. ഈയാഴ്ച തൊഴില്‍ കരാറില്‍ പുതിയ നയം ഔദ്യോഗികമായി ചേര്‍ക്കും.

സോഹന്‍ റോയ് നിലവില്‍ 16 രാജ്യങ്ങളില്‍ ബിസിനസ്സ് നടത്തുന്നുണ്ട്. ഈ രാജ്യങ്ങളിലെ ബ്രാഞ്ചുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കിടയിലും സ്ത്രീധന വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തുമെന്ന് രണ്ട് പെണ്‍കുട്ടികളുടെ പിതാവ് കൂടിയായ റോയ് പറഞ്ഞു. ലോകത്ത് ആദ്യമായാണ് സ്ത്രീധന വിരുദ്ധ നയം ഒരു സ്ഥാപനത്തിന്റെ തൊഴില്‍ കരാറിന്റെ ഭാഗമാക്കുന്നത്. ഒരു ഇന്ത്യന്‍ സ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ അതിയായി അഭിമാനിക്കുന്നു എന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ നിന്ന് സ്ത്രീധന സംസ്‌ക്കാരം പൂര്‍ണമായും ഇല്ലാതാക്കുക ബുദ്ധിമുട്ടാണെങ്കിലും തന്റെ ജീവനക്കാര്‍ക്കിടയില്‍ നിന്ന് ഈ വിപത്ത് ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് സോഹന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാവിയില്‍ സ്ത്രീധനം വാങ്ങുന്ന അല്ലെങ്കില്‍ നല്‍കുന്ന ഏതൊരു ജീവനക്കാരനെയും തന്റെ ഗ്രൂപ്പുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മലയാളിയായ സോഹന്‍ പറഞ്ഞു. കമ്പനിയുടെ ഏതെങ്കിലും ജീവനക്കാര്‍ ഭാര്യയെയോ അവരുടെ മാതാപിതാക്കളെയോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി അറിഞ്ഞാല്‍ കരാര്‍ ലംഘനമായി കണക്കാക്കുമെന്നും നിയമപരമായ നടപടികള്‍ക്കു വിധേയനാകേണ്ടി വരുമെന്നും തൊഴില്‍ കരാറില്‍ വ്യക്തമാക്കുന്നു.

കരാര്‍ ഒപ്പിടുന്നതും പുതുക്കുന്നതുമായ സമയത്ത് എല്ലാ ജീവനക്കാരും സ്ത്രീധന വിരുദ്ധ നയത്തില്‍ ഒപ്പിടേണ്ടതാണെന്ന് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, സ്ത്രീധന വിരുദ്ധ ബോധവത്ക്കരണ സെഷനുകളില്‍ പങ്കെടുക്കുകയും വേണം. സ്ത്രീധന വിരുദ്ധ സെല്‍ രൂപവത്ക്കരിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ പരാതികള്‍ക്ക് തീരുമാനമെടുക്കാനുള്ള സംവിധാനമൊരുക്കുമെന്നും ഭൂരിപക്ഷം വനിതാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വാഗ്ദാനം ചെയ്തു. തങ്ങളുടെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ത്രീധന വിരുദ്ധ പ്രചാരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി 2023 ആയി കമ്പനി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തില്‍ സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest