Kerala
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്ന് ആഇശ സുൽത്താന

കൊച്ചി | ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്ന് സിനിമാ പ്രവർത്തകയും ലക്ഷദ്വീപുകാരിയുമായ ആഇശ സുൽത്താന. ലക്ഷദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അഗത്തിയില്‍ നിന്നും ആഇശ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.
ഉമ്മയുടെയും സഹോദരന്റെയും ബേങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചു. താന്‍ ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് നുണക്കഥയാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും തനിക്കെതിരായ നിയമ നടപടികള്‍ അജൻഡയുടെ ഭാഗമാണെന്നും അവർ പറഞ്ഞു.
രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യാനായി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ചതിനെ തുടർന്നാണ് അവർ പോയിരുന്നത്. ചാനൽ ചർച്ചക്കിടെയുണ്ടായ പരാമർശം ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ബി ജെ പിയാണ് രാജ്യദ്രോഹക്കേസ് കൊടുത്തത്.