Articles
ഇന്ധനക്കൊള്ളക്കാരെ ആര് പിടിച്ചുകെട്ടും?

എണ്ണക്കമ്പനികള്‍ ദിനംപ്രതി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് വാര്‍ത്തയല്ലാതായിട്ട് വര്‍ഷങ്ങളായി. രാജ്യത്തെ പല നഗരങ്ങളിലും പെട്രോള്‍ വില സെഞ്ച്വറിയടിച്ചപ്പോഴാണ് നേരിയ പ്രതിഷേധമെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നത്. കേരളത്തിലുള്‍പ്പെടെ നിലവില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.
പെട്രോളിനൊപ്പം തന്നെ ഡീസല്‍ വിലയും രാജ്യത്ത് പലയിടത്തും നൂറ് കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഈ മാസം 12ന് ഡീസലിന് 100 രൂപ കടന്നിരുന്നു. കൊച്ചിയിലെ ഇന്ധന നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം വെറും ആറ് രൂപക്കടുത്ത് മാത്രമാണ്. വരും ദിവസങ്ങളിലും ഇതിന്റെ അന്തരം കുറയുമെന്ന് ഉറപ്പാണ്.
ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെയും രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും പേരില്‍ കൊള്ളലാഭമാണ് ഇന്ധനവില ഉയര്‍ത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും പെട്രോളിയം കമ്പനികളും നേടുന്നത്. കഴിഞ്ഞ മാസം മാത്രം ഇന്ധന വില വര്‍ധിപ്പിച്ചത് 16 തവണയാണ്. ആറ് മാസത്തിനിടെ പെട്രോള്‍ വില 55 തവണയാണ് വര്‍ധിപ്പിച്ചത്.
വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് ഇന്ധന വില ദിനംപ്രതി വര്‍ധിക്കാന്‍ തുടങ്ങിയത്. വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനെതിരെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധമുയരുകയാണ്. രാജ്യാന്തര വിപണിയില്‍ എണ്ണവില താഴുമ്പോള്‍ അതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്ന് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ധനവില കൂടുമ്പോള്‍ നികുതികള്‍ കുറക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ സമയത്തും നികുതികള്‍ വര്‍ധിപ്പിച്ച് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാനാണ് ശ്രമിക്കുന്നത്.
പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് 2010 ജൂണിലും ഡീസലിന്റെ ചില്ലറ വില്‍പ്പന വില പ്രതിമാസം 50 പൈസ വീതം കൂട്ടാന്‍ തുടങ്ങിയത് 2013 ജനുവരിയിലുമാണ്. എണ്ണക്കമ്പനികള്‍ക്ക് വരുമാന നഷ്ടം ഉണ്ടാകുന്നുവെന്നും കേന്ദ്രത്തിന്റെ സബ്സിഡി ചെലവ് വര്‍ധിക്കുന്നുവെന്നുമായിരുന്നു വാദം. 2010 ജൂണ്‍ 30ന് നയം മാറ്റം പ്രഖ്യാപിച്ച അന്നുതന്നെ പെട്രോള്‍ ലിറ്ററിന് 3.50 രൂപയും ഡീസലിന് രണ്ട് രൂപയും കൂട്ടി. അന്ന് തുടങ്ങിയ വര്‍ധിപ്പിക്കലാണ് തുടര്‍ക്കഥയായി മാറിയത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ തരം നികുതികളും ഇന്ധന വിലക്കയറ്റം രൂക്ഷമാക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേന്ദ്രമെടുക്കുന്ന നികുതിയില്‍ 300 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന കേന്ദ്ര നികുതി ഇപ്പോള്‍ 32.90ല്‍ എത്തിയിരിക്കുന്നു. ഡീസലിന് 3.56 രൂപയില്‍ നിന്ന് 31.50 രൂപയായാണ് ആറ് വര്‍ഷത്തിനിടെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചത്.
ഏതാണ്ട് 9,000 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം കേന്ദ്രം ഒരു വര്‍ഷം ഇന്ധന നികുതിയിനത്തില്‍ വലിച്ചെടുക്കുന്നതെന്നാണ് കണക്കുകള്‍. എക്സൈസ് തീരുവ, പ്രത്യേക എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, സെസ് എന്നീ ഇനങ്ങളിലായാണ് ഈ പിടിച്ചുപറി. ഇതിനുപുറമെ, അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുമ്പോഴുള്ള കസ്റ്റംസ് തീരുവ, പെട്രോളിയം കമ്പനികളില്‍ നിന്നുള്ള ലാഭ വിഹിതം, റോയല്‍റ്റി എന്നിവ കൂടി ചേര്‍ത്താല്‍ പ്രതിവര്‍ഷം 10,000 കോടി രൂപക്ക് മുകളില്‍ വരും. പെട്രോള്‍ നികുതിയിനത്തില്‍ പ്രതിദിനം 30 കോടി രൂപയാണ് കേരളത്തിലുള്ളവര്‍ മാത്രം നല്‍കുന്നത്. ഇതില്‍ 17.5 കോടിയും കേന്ദ്രത്തിനാണ് നല്‍കുന്നത്.
ഒരു ലിറ്റര്‍ പെട്രോളിന് ആവശ്യമായ അസംസ്‌കൃത എണ്ണ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ഇന്ത്യ വാങ്ങുന്നത് ലിറ്ററിന് 33.29 രൂപക്കാണ്. ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് ഇന്ധനമാക്കാനുള്ള ചെലവ് 7.46 രൂപയാണ്. പെട്രോള്‍ ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ 3.45 രൂപയും ചരക്കു നീക്കത്തിന് ലിറ്ററിന് 19 പൈസയുമാണ് ചെലവ്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ഉത്പാദനത്തിന് ആകെ ചെലവ് വെറും 44.39 രൂപ മാത്രം. ബാക്കിയെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പിടിച്ചുപറിയാണ്.
ഒരു ലിറ്റര്‍ പെട്രോളിന് എക്സൈസ് ഡ്യൂട്ടിയായി 1.40 രൂപയും സ്പെഷ്യല്‍ ഡ്യൂട്ടിയായി 11 രൂപയും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് ഇനത്തില്‍ 18 രൂപയും അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സെസ് ഇനത്തില്‍ 2.50 രൂപയും ഉള്‍പ്പെടെ 32.90 രൂപയാണ് കേന്ദ്രം ഈടാക്കുന്നത്. ഇതില്‍ എക്സൈസ് ഡ്യൂട്ടിയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതിനാല്‍ എക്സൈസ് ഡ്യൂട്ടിയില്‍ കേന്ദ്രം വര്‍ധനവ് വരുത്താറില്ല. സ്പെഷ്യല്‍ ഡ്യൂട്ടി വര്‍ധിപ്പിച്ചാണ് കേന്ദ്രം ഇന്ധനയിനത്തില്‍ മുഴുവന്‍ തുകയും ഊറ്റിയെടുക്കുന്നത്.
ഒരു രൂപ അഡീഷനല്‍ ടാക്സ് ഉള്‍പ്പെടെ സംസ്ഥാനം ഈടാക്കുന്ന സെയില്‍സ് ടാക്സ് 22.71 രൂപയാണ്. അതായത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒരു ലിറ്റര്‍ പെട്രോളിന് വിവിധ നികുതി ഇനത്തില്‍ ഈടാക്കുന്നത് 55.61 രൂപയെന്ന് ചുരുക്കം. പെട്രോളിന് 125 ശതമാനമാണ് ഇപ്പോഴത്തെ നികുതികള്‍.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നമായ വിലക്കയറ്റം കണ്ടില്ലെന്ന് നടിച്ചും വിലവര്‍ധനവിനെ ന്യായീകരിച്ചുമാണ് കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകള്‍. ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന് ബോധ്യമുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ എക്സൈസ് തീരുവ കുറക്കാനാകില്ലെന്നുമാണ് അടുത്തിടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. കൊവിഡ് കാലത്ത് അനേകം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും പണം ചെലവിടുന്നുണ്ടെന്നും അതിനാല്‍ നികുതികള്‍ കുറക്കുന്നത് പ്രായോഗികമല്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.
പെട്രോള്‍, ഡീസല്‍ വില വര്‍ധന സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. എണ്ണവില ക്രമാതീതമായി ഉയരുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടിയാണ് വര്‍ധിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ലാഭക്കൊതിയോടെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് രാജ്യത്ത് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കിയിട്ടുണ്ട്. അടച്ചിടല്‍മൂലം കാര്‍ഷിക, വ്യാവസായിക മേഖല മന്ദീഭവിച്ചത് അവശ്യവസ്തു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന ആശങ്കക്കിടെയാണ് ഇന്ധനവിലയും കുതിച്ചുയരുന്നത്.
ഡീസല്‍ വില രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണുള്ളത്. ലിറ്ററിന് 93.29 രൂപക്കാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഡീസല്‍ വ്യാപാരം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 46 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലെ നേരിയ വര്‍ധന പോലും രാജ്യത്തെ വാണിജ്യ ഗതാഗത മേഖലയില്‍ സാരമായ പ്രതിഫലനമുണ്ടാക്കും. സാധാരണക്കാര്‍ക്കും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്കും ബസ് ജീവനക്കാര്‍ക്കുമെല്ലാം വിലവര്‍ധന കനത്ത പ്രഹരമായിക്കഴിഞ്ഞു.
ചരക്കുകളുടെ കടത്തുകൂലി വര്‍ധനവിലൂടെ ഉത്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിക്കും. കേരളം പോലെയുള്ള ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് വളരെ വിദൂരത്തുള്ള സംസ്ഥാനങ്ങളിലേക്ക് ലോറിയിലും മറ്റുമാണ് ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. ഡീസല്‍ വിലക്കയറ്റം കടത്തുകൂലിയെ ബാധിക്കുമെന്നതിനാല്‍ ഉത്പാദകര്‍ക്ക് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ ഗത്യന്തരമില്ലാത്ത അവസ്ഥയാണ്. അതിനാല്‍ ഡീസല്‍ വില വര്‍ധന സകല ഉത്പന്നങ്ങളുടെയും വിലക്കയറ്റത്തിനിടയാക്കും. മാത്രമല്ല, രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതും ഡീസല്‍ ഉപയോഗിച്ചാണ്. ബസ് സര്‍വീസുകള്‍ നടത്താന്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും എഴുപത് ശതമാനത്തിലേറെ ബസുകളും നിരത്തിലിറക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നും പിടിച്ചുകെട്ടാനാകാത്ത ഡീസല്‍ വില വര്‍ധനവാണ്. ഡീസല്‍ വില വര്‍ധന ചരക്ക് നീക്കത്തിന്റെ ചെലവും വര്‍ധിപ്പിക്കും. കാര്‍ഷിക ഉത്പാദനച്ചെലവും വര്‍ധിക്കും. ഡീസല്‍ പമ്പുകളെ ആശ്രയിച്ചുള്ള ജലസേചനം തുടങ്ങി യന്ത്രവത്കൃതമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചെലവേറിയിട്ടുണ്ട്. ഇത് കടുത്ത ഭക്ഷ്യ വിലക്കയറ്റത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഈ അസന്നിഗ്ധ ഘട്ടത്തിലെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവ കുറച്ച് വിലക്കയറ്റം തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.