Connect with us

Editorial

കശ്മീരിലേക്കുള്ള ‘ദൂരം’ കുറയണമെങ്കില്‍

Published

|

Last Updated

ഡല്‍ഹിയില്‍ നിന്നും ഹൃദയത്തില്‍ നിന്നും കശ്മീരിലേക്കുള്ള ദൂരം വേഗത്തില്‍ കുറക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കശ്മീരിന്റെ പുരോഗതിയും ഭാവിയും ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ ഭംഗിവാക്കല്ലാതെ ദൂരം കുറക്കുന്നതിനുള്ള സമീപനം അദ്ദേഹത്തില്‍ നിന്നോ യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നോ പ്രകടമായില്ല. മണ്ഡല പുനര്‍നിര്‍ണയവും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും എന്ന അജന്‍ഡകളില്‍ മാത്രം ഒതുങ്ങി യോഗത്തില്‍ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ചര്‍ച്ചകള്‍. അതിലപ്പുറം സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫറന്‍സ്, പി ഡി പി, ഏഴ് പാര്‍ട്ടികള്‍ അടങ്ങിയ ഗുപ്കര്‍ സഖ്യം തുടങ്ങിയവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളോട് ഇരുവരും മുഖംതിരിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തെ വിവിധ കക്ഷി നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നതിനാല്‍ അക്കാര്യത്തില്‍ ഒരു സമവായത്തിലെത്തുകയാണ് യോഗത്തിന്റെ മുഖ്യ ഉദ്ദേശ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റദ്ദാക്കിയ പ്രത്യേക പദവി പുനഃസ്ഥാപിച്ച് ജമ്മു കശ്മീരിനെ പഴയ സ്ഥിതിയിലാക്കണമെന്നായിരുന്നു നാഷനല്‍ കോണ്‍ഫറസന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരും ഗുപ്കര്‍ സഖ്യവും യോഗത്തില്‍ ഉന്നയിച്ച മുഖ്യ ആവശ്യം. കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തുന്നതിനു പ്രത്യുപകാരമായി ഇന്ത്യന്‍ ഭരണകൂടം ആ പ്രദേശത്തിന് അനുവദിച്ച് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ് 370ാം വകുപ്പും 35 എ വകുപ്പും. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലിമെന്റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മാണ സഭയുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് വകുപ്പ് 370. സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ജോലികളും കശ്മീരിലെ സ്വത്തവകാശവും സംസ്ഥാന സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് 35 എ വകുപ്പ്. ഇതനുസരിച്ച് ഇതരസംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനോ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ ജോലി നേടാനോ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടാനോ അവകാശമില്ല.
മുസ്‌ലിം ഭൂരിപക്ഷമായ കശ്മീരിന് ഇത്തരമൊരു പ്രത്യേക പദവി അനുവദിച്ചതിനോട് സംഘ്പരിവാറിന് നേരത്തേ എതിര്‍പ്പുണ്ട്. 370 ഒരു താത്കാലിക വകുപ്പാണെന്നും അതെടുത്തു കളയണമെന്നും അവര്‍ നിരന്തരം ആവശ്യപ്പെട്ടു. ഇതിന്റെ പരിണതിയാണ് 370, 35 എ വകുപ്പുകള്‍ എടുത്തുകളഞ്ഞ 2019ലെ രാഷ്ട്രപതിയുടെ പ്രഖ്യാപനവും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചു കൊണ്ടുള്ള നിയമനിര്‍മാണവും. 370 വകുപ്പനുസരിച്ച് ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പദവി താത്കാലികം മാത്രമാണെന്ന വാദമുന്നയിച്ചായിരുന്നു മോദി സര്‍ക്കാറിന്റെ ഈ നടപടി. അതേസമയം 370 താത്കാലിക വകുപ്പല്ലെന്നും സ്ഥിരമായി നിലനില്‍ക്കുന്നതാണെന്നും 2017ല്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ തള്ളിക്കൊണ്ട് 2018 ഏപ്രിലില്‍ ജസ്റ്റിസുമാരായ എ കെ ഗോയല്‍, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

“ജമ്മു കശ്മീരിന്റെ ഭാവി ആത്യന്തികമായി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. ഈ പ്രതിജ്ഞ നാം ചെയ്തിരിക്കുന്നത് കശ്മീര്‍ ജനതയോടു മാത്രമല്ല, മുഴുവന്‍ ലോകത്തോടുമാണ്. അതില്‍ നിന്ന് നാം പിന്തിരിയില്ല. പിന്തിരിയാന്‍ നമുക്ക് കഴിയില്ലെ”ന്നാണ് സ്വതന്ത്ര്യാനന്തരം 1947 നവംബര്‍ രണ്ടിന് ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചത്. ഇതിന്‍പ്രകാരം അവര്‍ക്കു നല്‍കിയ പ്രത്യേകാധികാരം എടുത്തു കളയുന്നതിനു മുമ്പ് കശ്മീരികളുമായി അഥവാ അവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടതായിരുന്നു. 2019 ആഗസ്റ്റ് അഞ്ചിന് മുമ്പായിരുന്നു വ്യാഴാഴ്ചത്തെ സര്‍വകക്ഷി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കേണ്ടിയിരുന്നത്. രാജ്യം കശ്മീരികള്‍ക്കു നല്‍കിയ തികച്ചും അര്‍ഹമായ അവകാശം അവരുമായി ആലോചിക്കാതെ ഏകപക്ഷീയമായി റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കൊടിയ വഞ്ചനയായിപ്പോയി.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെയുള്ള സര്‍ക്കാറിന്റെ നയനിലപാടുകളാണ് പ്രദേശത്തെ വര്‍ഗീയവത്കരണത്തിന്റെയും വിഘടനവാദത്തിന്റെയും ചോരക്കളമാക്കാനും പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരാനും കാരണമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയവരെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാജ്‌പയിയുടെ കാലത്ത് മാനവികതയുടെ പ്രതലത്തില്‍ നിന്നുകൊണ്ട് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് നീക്കമുണ്ടായപ്പോള്‍ കശ്മീരികള്‍ അതിനെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്നുവെന്നും നിലവിലെ ഭരണകൂടത്തിന് അത്തരമൊരു സമീപനത്തില്‍ താത്പര്യമില്ലെന്നാണ് കശ്മീര്‍ ജനതയുടെ വിലയിരുത്തലെന്നും മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് തവണ കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദമായി പഠിച്ചറിഞ്ഞ ശേഷമാണ് 2017ല്‍ അന്ന് ബി ജെ പി നേതാവായിരിക്കെ യശ്വന്ത് സിന്‍ഹ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേവലം ദേശീയ സുരക്ഷയുടെ ചട്ടക്കൂട്ടില്‍ മാത്രം നോക്കിക്കാണാതെ, രാഷ്ട്രീയ പ്രശ്‌നമായി കണ്ടുള്ള സൗഹൃദപരമായ ചര്‍ച്ചകള്‍ വഴി മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുകയുള്ളൂ. പേരിനൊരു സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് എന്തെങ്കിലും ഭംഗിവാക്കുകള്‍ പറഞ്ഞതു കൊണ്ട് മതിയാകില്ല. കശ്മീരിനെ അധികാര രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപകരണമാക്കുന്ന കുടില മനഃസ്ഥിതി ഒഴിവാക്കണം. പ്രത്യേകാവകാശം പുനഃസ്ഥാപിക്കണം. പൂര്‍ണ തോതില്‍ സംസ്ഥാന പദവി അനുവദിക്കുകയും വേണം. മോദി സര്‍ക്കാര്‍ ഇതിന് സന്നദ്ധമാണോ എന്നതാണ് പ്രശ്‌നം. അതാണ് കശ്മീര്‍ ജനത ആഗ്രഹിക്കുന്നത്.

Latest