Connect with us

Kerala

വനിതാ കമ്മീഷന് പുതിയ അധ്യക്ഷ ഉടനില്ല; പദവിക്ക് യോഗ്യത നിശ്ചയിച്ചേക്കും

Published

|

Last Updated

കോഴിക്കോട് | പരാതിക്കാരിയോടുള്ള പെരുമാറ്റം വിവാദമായതിനെത്തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവച്ച ഒഴിവില്‍ പൊടുന്നനെ നിയമനമുണ്ടാകില്ലെന്നു സൂചന. പാര്‍ട്ടി നിശ്ചയിക്കുന്ന അധ്യക്ഷ പദവിക്ക് യോഗ്യതകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സി പി എം ഗൗരവമായി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഉടനെ നിയമനം ഉണ്ടാവില്ലെന്ന സൂചന പുറത്തു വരുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷയാകുന്ന ആള്‍ക്ക് നിയമത്തിലോ മനശ്ശാസ്ത്രം പോലുള്ള വിഷയങ്ങളിലോ പരിജ്ഞാനം ഉണ്ടാവണമെന്ന വ്യവസ്ഥ കൊണ്ടുവരാന്‍ ഭരണ തലത്തില്‍ ആലോചന നടക്കുന്നുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തന രംഗത്തെ പരിചയം മാത്രം അധ്യക്ഷ പദവിയുടെ മാനദണ്ഡമാകുമ്പോള്‍ കമ്മിഷന്റെ ലക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുനരാലോചന. ഇടതു സര്‍ക്കാറിനു തുടര്‍ ഭരണം ഉണ്ടായ സാഹചര്യത്തില്‍ ഈത്തരത്തിലുള്ള പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പരാതി ഉയര്‍ന്നശേഷം പശ്ചാത്താപം പുറപ്പെടുവിച്ച ജോസഫൈന്‍ സ്വയം സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിക്കും സര്‍ക്കാറിനും അനുകൂലമായി വലിയ അഭിനന്ദനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇടതുപക്ഷം ഹൃദയപക്ഷമാകുന്നത് ഇത്തരം നിലപാടുകള്‍ കൊണ്ടാണെന്ന് പലരും കുറിച്ചു.

പോലീസും കോടതിയും പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും വനിതാ കമ്മിഷന്‍ എന്നൊരു സംവിധാനം നിലവില്‍ വരുമ്പോള്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള നിരവധി ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 1996 മാര്‍ച്ച് 14 നു സ്ഥാപിതമായ നിയമസ്ഥാപനമാണ് കേരള വനിതാ കമ്മീഷന്‍. കേരള വനിത കമ്മീഷന്‍ ആക്ട് 1990 സെക്ഷന്‍ 5 അനുസരിച്ചു രൂപീകൃതമായ ഈ വേദി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനുമായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള സ്ഥാപനമാണ്.

ദേശീയ വനിതാ കമ്മീഷന്റെ മാതൃകയില്‍ 1990ല്‍ കേരള വനിതാ കമ്മീഷന്‍ ബില്ല് തയ്യാറാക്കി. അന്നത്തെ സാമൂഹിക ക്ഷേമ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി എന്നിവരുടെ നിയമോപദേശത്തിലും വിവിധ വനിതാ സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുമായിരുന്നു ബില്ലിന്റെ കരട് തയ്യാറാക്കിയത്.

ശാരീരിക, മാനസിക, ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന ഏതൊരു സ്ത്രീക്കും നേരിട്ട് വനിതാ കമ്മീഷനെ സമീപിക്കാവുന്നതാണ്. പരാതി നല്‍കുന്നതിന് ഒരു വക്കീലിന്റെ സഹായം ആവശ്യമില്ല. പരാതിക്കാരിക്ക് നിയമസഹായം ആവശ്യമാണെങ്കില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ വഴി സൗജന്യമായി വക്കീലിനെ നിയമിക്കാനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്. സിവില്‍ സ്വഭാവമുള്ള പരാതികളും വിവാഹമോചനത്തിനായുള്ള പരാതികളും വനിതാ കമ്മീഷന്‍ പരിഗണിക്കുന്നതല്ല. ജില്ലകള്‍ തോറും നടത്തുന്ന അദാലത്തുകള്‍ വഴിയാണ് വനിതാ കമ്മിഷന്‍ പരാതികള്‍ തീര്‍പ്പാക്കുന്നത്. പരാതിക്കാരെയും എതിര്‍കക്ഷികളെയും ഒരുമിച്ചു വിളിപ്പിച്ചു ഇരുഭാഗത്തിനും പറയാനുള്ളത് കേട്ടശേഷം വേണ്ട തീരുമാനങ്ങള്‍ എടുക്കുകയാണ് അദാലത്തില്‍ ചെയ്യുന്നത്.

ലൈംഗികാതിക്രമങ്ങളിലും മറ്റും മാനസികമായി തളര്‍ന്നുപോയ സ്ത്രീകള്‍ക്ക് കൗണ്‍സിലിങ് ഏര്‍പ്പെടുത്തുക, വീടുകളിലേക്ക് തിരിച്ചുപോകാനാവാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി താല്‍ക്കാലിക താമസസൗകര്യങ്ങള്‍ (ഷോര്‍ട്ട് സ്റ്റേ ഹോംസ്) ഏര്‍പ്പെടുത്തുക, ഇരകളായ സ്ത്രീകള്‍ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുക എന്നിവയും വനിതാ കമ്മീഷന്റെ അധികാരങ്ങളാണ്.

ഒരു നിയമസ്ഥാപനം എന്ന നിലയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും വനിതാ കമ്മീഷന് ഇടപെടാം. അന്യായമായ എന്ത് നടപടികളിലും എന്ത് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനും വനിതാ കമ്മീഷന് കഴിയും. ഇത്തരം വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നത് വനിതാ കമ്മീഷന്‍ ഡയറക്ടറായ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്. സ്ത്രീകളുടെ സാമൂഹികനില മെച്ചപ്പെടുത്താനും കമ്മീഷന് ഉത്തരവാദിത്വമുണ്ട്. അതിനായി സംസ്ഥാന പൊതുസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും വനിതാ കമ്മീഷന് അധികാരമുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest