Connect with us

Kerala

ഇന്ധന കൊള്ള തകൃതി; പ്രതിപക്ഷം നിഷ്‌ക്രിയം; ദേശീയ പ്രക്ഷോഭത്തിന് കാത്ത് ജനങ്ങള്‍

Published

|

Last Updated

കോഴിക്കോട് | കൊവിഡ് മഹാ മാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ധന വില കുതിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ മനുഷ്യത്വ രാഹിത്യത്തിനു മുമ്പില്‍ മരവിച്ച് ജനത. തൊഴില്‍ നഷ്ടത്തിന്റെ കനത്ത ദുരിതത്തില്‍ കഴിയുന്ന ജനതക്കുമേല്‍ ഇത്രയേറെ ഭാരം അടിച്ചേല്‍പ്പിക്കുമ്പോഴും രൂക്ഷമായ പ്രക്ഷോഭങ്ങള്‍ പോലും അഴിച്ചു വിടാന്‍ കഴിയാതെ ദേശീയതലത്തില്‍ പ്രതിപക്ഷ രാഷ്ട്രീയം വിറങ്ങലിച്ചു നില്‍ക്കുന്നു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ച് ഒരു ദേശ വ്യാപക പ്രോക്ഷോഭത്തിനു നേതൃത്വം നല്‍കാനുള്ള സാധ്യത എങ്ങും കാണുന്നില്ല.

കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തിനു കരുത്തേകാന്‍ പോലും കോണ്‍ഗ്രസ് മുന്നോട്ടു വന്നില്ല. ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തി 2024 ലെ പൊതു തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാനുള്ള പ്രതിപക്ഷ നീക്കമായി രൂപപ്പെടുന്ന രാഷ്ട്രമഞ്ച് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭം കെട്ടഴിച്ചുവിടുമോ എന്ന പ്രതീക്ഷ ബി ജെ പി വിരുദ്ധ ക്യാമ്പില്‍ തലപൊക്കുന്നുണ്ട്.

തൊഴിലും വ്യാപാരവും എല്ലാം തകര്‍ന്ന് അതിജീവനത്തിനായി പാടുപെടുന്ന ജനതക്ക് ഏറ്റവും കൈത്താങ്ങ് ആവശ്യമായ ഘട്ടത്തിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു ദിനം പ്രതി വിലകൂട്ടി കേന്ദ്ര സര്‍ക്കാര്‍ ജനത്തെ പിഴിയുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ അത് ചെയ്യാതെ കോവിഡ് മഹാമാരിയുടെ ഭാരം മുഴുവന്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് പ്രക്ഷോഭങ്ങള്‍ക്കു സാധ്യതയില്ലെന്ന അവസരം മുതലാക്കിയാണ് ഈ കൊള്ളയടിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.

തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റം ജനങ്ങളുടെ വരുമാനം പിന്നെയും ചോര്‍ത്തുകയാണ്. ഇതിനിടയിലാണ് അവശ്യവസ്തുക്കളുടെയടക്കം വില നിത്യേന ഉയരുന്നത്. ഏപ്രിലില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനം വില കൂടി. മറ്റു പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ക്ക് 10.16 ശതമാനവും നിര്‍മാണവസ്തുക്കള്‍ക്ക് 9.01 ശതമാനവും വില കൂടി. ഡീസല്‍ വിലക്കയറ്റം കാര്‍ഷിക ഉല്‍പ്പാദനത്തേയും പ്രതിസന്ധിയിലാക്കി.

ഡീസല്‍വില ഉയര്‍ന്നപ്പോള്‍ എല്ലാ ചരക്ക് വാഹനങ്ങളുടെയും വാടക ഉയര്‍ന്നു. സാധനങ്ങളുടെയെല്ലാം വില വര്‍ധിച്ചു. പൊതുഗതാഗത ചെലവ് കൂടി. ടാക്‌സി കാറുകളും ഓട്ടോറിക്ഷയും ഓടിക്കുന്ന വിഭാഗങ്ങളുടെ വരുമാനം ഇടിഞ്ഞു.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവച്ചു. 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിലവര്‍ധനയുണ്ടായില്ല. മെയ് രണ്ടിന് വോട്ടെണ്ണിയശേഷം വില വീണ്ടും കൂടാന്‍ തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം 30 തവണയാണ് വില കൂട്ടിയത്. വിലക്കയറ്റം എണ്ണക്കമ്പനികളുടെ മാത്രം നീക്കമല്ലെന്ന് ഇതു വ്യക്തമാക്കുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നല്‍കിയ വാഗ്ദാനം വലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്നായിരുന്നു. ഇപ്പോള്‍ പെട്രോളിന് വില നൂറുരൂപയായി. ഡീസല്‍ വില നൂറിനോട് അടുത്തുനില്‍ക്കുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2014ല്‍ പാചകവാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ 816 – 823 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.

പെട്രോളും ഡീസലും ഉപയോഗിക്കുന്നത് ഏറെയും സാമ്പത്തിക ശേഷിയുള്ളവരാണെന്നും അതിനാല്‍, വിലക്കയറ്റം പാവങ്ങളെ ബാധിക്കില്ലെന്നുമുള്ള അസംബന്ധ വാദമാണ് ചില ബി ജെ പി കേന്ദ്രങ്ങല്‍ ഉന്നയിക്കുന്നത്. നേരിട്ടോ പരോക്ഷമായോ സകല വസ്തുക്കളുടെയും ഉല്‍പ്പാദനത്തിനും വിതരണത്തിനും ഇന്ധനമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വേണമെന്നും ഇന്ധനവിലയില്‍ ഉണ്ടാവുന്ന വര്‍ധന എല്ലാ ഉല്‍പ്പന്നങ്ങളുടേയും വിലക്കയറ്റത്തിനു കാരണമാകും എന്നുമുള്ള സത്യം ഇവര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

2010ല്‍ യു പി എ സര്‍ക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ല്‍ നരേന്ദ്ര മോഡി വന്നപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. 2020ലെ കണക്കനുസരിച്ച് പെട്രോളിന്റെ അടിസ്ഥാന വിലയില്‍ 260 ശതമാനമാണ് നികുതി. ഡീസലിന്റെ നികുതി 256 ശതമാനവും. കാലക്രമത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ ഇവിടെ ഇന്ധനവില കുറയ്ക്കും എന്നും ബി ജെ പി വാഗ്ദാനം നല്‍കിയിരുന്നു. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ ബാരലിന് 70 ഡോളറാണെങ്കില്‍ 2020 ഏപ്രിലില്‍ 20 ഡോളറും 2020 മെയില്‍ 28 ഡോളറുമായിരുന്നു. നികുതി ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ട് ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രം തട്ടിയെടുത്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ധന വില അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കു വന്‍ നികുതി ഇളവുകളും നല്‍കുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ കോര്‍പറേറ്റ് നികുതിയില്‍ 4.32 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് നല്‍കിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഏറ്റവും വലിയ വെട്ടിക്കുറവാണ് കോര്‍പറേറ്റ് നികുതിയിലുണ്ടായത്. നികുതി 35 ശതമാനത്തില്‍നിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്തി. കോര്‍പറേറ്റുകള്‍ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പയില്‍ എട്ടുലക്ഷം കോടി രൂപ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ എഴുതിത്തള്ളി.

അന്താരാഷ്ട്ര വിപണിയിലെ വിലയും ഇവിടുത്തെ വില ഉയര്‍ത്തലും തമ്മില്‍ ബന്ധമില്ലെന്നാണു കണക്കുകള്‍ പറയുന്നത്. കൊവിഡ് മഹാമാരി കാരണം ഇന്ധന ഉപയോഗം ഒമ്പത് ശതമാനം കുറഞ്ഞിട്ടും സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. 2020-21 കേന്ദ്ര ബജറ്റില്‍ മൊത്തം നികുതിവരുമാനം 17.8 ശതമാനം കുറഞ്ഞെങ്കിലും എക്‌സ്സൈസ് തീരുവ ലക്ഷ്യമിട്ടതിനേക്കാള്‍ 35 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തില്‍ 7.5 ശതമാനത്തിന്റെ ഇടിവുണ്ടായി. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച് പാവപ്പെട്ടവരെ കൊള്ളയടിച്ച് വരുമാന നഷ്ടം നികത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest