National
അതൃപ്തി രാഹുലിനെ അറിയിച്ച് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി | കേരളത്തില്‍ നേതൃമാറ്റം നടപ്പാക്കിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി അറിയിച്ചത്. നേതൃമാറ്റത്തില്‍ വിപുലമായ കൂടിയാലോചന നടത്താമായിരുന്നു. പുതുതായി നേതൃ ചുമതല ഏല്‍പിച്ച നേതാക്കളോട് വിയോജിപ്പില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങളുടെ രീതികളിലാണ് വിയോജിപ്പ്.
തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമല്ല. അനാവശ്യ വിവാദങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ എതിരാളികളാണെന്ന തോന്നലുണ്ടാക്കിയെന്നും ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. അടിമുടി മാറ്റം പാര്‍ട്ടിക്ക് ഗുണമാകില്ല. മുതിര്‍ന്ന നേതാക്കള കൂട്ടത്തോടെ വെട്ടിനിരത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
20 മിനുട്ടാണ് ഉമ്മന്‍ചാണ്ടി- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നീണ്ടത്. കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.