Covid19
മധ്യപ്രദേശില്‍ ഏഴ് പേര്‍ക്ക് ഡെല്‍റ്റ പ്ലസ് കൊവിഡ്; രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്ന് രാജ്യം പതിയെ മുക്തമാകുന്നതിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. മധ്യപ്രദേശില്‍ ഇന്നലെ ഏഴ് കൊവിഡ് ഡെല്‍റ്റ പ്ലസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മരണപ്പെട്ടവര്‍ കൊവിഡ് വാക്‌സിനെടുക്കാത്തവരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഇവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 കൊവിഡ് കേസുകളും 1,329 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 64സ527 പേര്‍ ഇന്നലെ രോഗമുക്തി കൈവരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96 ശതമാനത്തിന് മുകളിലെത്തി. മുഴുവന്‍ സംസ്ഥാനങ്ങളിലും കേസുകള്‍ കുറയുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. 12,078 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഇന്നലെ കൂടുതല്‍. എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 556 മരണങ്ങളാണ് ഇന്നലെ മഹാരാഷ്ട്രയിലുണ്ടായത്.