Kerala
ആദിവാസി സ്ത്രീയെന്ന നിലയില്‍ തന്നെ തേജോവധം ചെയ്യുന്നു; ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്: സി കെ ജാനു

കല്‍പ്പറ്റ | ആദിവാസി സ്ത്രീയെന്ന നിലയില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുകയും തേജോവധം ചെയ്യുകയുമാണെന്ന ആരോപണവുമായി സി കെ ജാനു. ആദിവാസി രാഷ്ട്രീയം പറയാന്‍ പാടില്ല, രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ല എന്നെല്ലാം പറഞ്ഞാണ് ആക്രമണം. സി കെ ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാനോ വാഹനം വാങ്ങാനോ സാരി വാങ്ങാനോ പറ്റില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. പ്രാചീന കാലഘട്ടമാണോ ഇത്. ഇത്തരം കാര്യങ്ങള്‍ ഒന്നും ആദിവാസി സ്ത്രീയെന്ന നിലയില്‍ തനിക്ക് ഉപയോഗിച്ചുകൂടേയെന്നും ജാനു ചോദിച്ചു.
എല്ലാതരത്തിലും കടന്നാക്രമിക്കുന്ന രീതി അത്ര നല്ലതല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഏത് നിയമനടപടികളെയും നേരിടാന്‍ തയാറാണ്. നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ല. നിരവധി കേസുകളും പീഡനങ്ങളും നേരിട്ട വ്യക്തിയാണ് താന്‍. ഒരു കാരണവശാലും ഒരു കേസില്‍ നിന്നും പിറകോട്ട് പോകില്ല. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയാറായിട്ടാണ് നില്‍ക്കുന്നതെന്നും ജാനു പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാനുവിന് ബി ജെ പി നേതാക്കള്‍ പണം നല്‍കിയെന്ന് ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കവേ ജാനു പറഞ്ഞു. ഓരോ വിവാദങ്ങള്‍ വന്നപ്പോഴും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മറുപടിയില്‍ തൃപ്തിയില്ല എന്ന നിലയില്‍ വീണ്ടും വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്രമണങ്ങള്‍ക്ക് പിറകില്‍ ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ലെന്ന ചിന്തയുണ്ടെന്ന് സംശയിക്കണം. ഇത്തരം നടപടികള്‍ ജനാധിപത്യ ബോധമുള്ളവര്‍ക്ക് യോജിച്ചതല്ല. താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്നും ജാനു ചോദിച്ചു.