International
ലഷ്‌കര്‍ നേതാവ് ഹാഫീസ് സയീദിന്റെ വീടിന് സമീപത്ത് സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍ | ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപക നേതാവ് ഹാഫീസ് സയീദിന്റെ വീടിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ലാഹോറിലെ ജോഹര്‍ പട്ടണത്തിലുള്ള സയീദിന്റെ വീടിന് 120 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്.
ഗുരുതരമായി പരുക്കേറ്റ് ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ചതെന്ന് ലാഹോര്‍ പോലീസ് മേധാവി ഗുലാം മെഹമൂദ് ദോഗര്‍ റിപ്പോര്‍ട്ടര്‍മാരെ അറിയിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ശിക്ഷിക്കപ്പെടുകും ചെയത് ഹാഫിസ് നിലവില്‍ ലാഹോര്‍ ജയിലിലാണ്.
സ്‌ഫോടനത്തില്‍ കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പോലീസും സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടന്നുവരികയാണെന്ന് ദോഗര്‍ വ്യക്തമാക്കി. സംഭവത്തില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ പ്രവിശ്യ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പാക് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹമ്മദും പഞ്ചാബി ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.