Connect with us

Kerala

മുസ്‌ലിം ലീഗിന് അടിതെറ്റുന്നു; തെക്കന്‍ ജില്ലയില്‍ കൊഴിഞ്ഞുപോക്ക്; മലബാറില്‍ പരസ്യപ്പോരുമായി യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ മുസ്ലിം ലീഗില്‍ നിന്നു വന്‍ കൊഴിഞ്ഞു പോക്ക്. മലബാറില്‍ യൂത്ത്‌ലീഗ് പരസ്യപ്പോരിന്. തിരഞ്ഞെടുപ്പു പരാജയത്തിനു മുഖ്യ കാരണം കുഞ്ഞാലിക്കുട്ടിയുടെ തലതിരിഞ്ഞ പ്രവര്‍ത്തനമാണെന്നാണ് ആരോപണം. കുഞ്ഞാലിക്കുട്ടി ഉന്നതാധികാര സമിതി എന്ന പേരില്‍ പാര്‍ട്ടിയെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നു. കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റ് അംഗത്വം രാജിവച്ച് നിയമസഭയില്‍ മത്സരിച്ചത് ലീഗിനും യു ഡി എഫിനും തിരിച്ചടിയായി എന്നിങ്ങനെയാണ് യൂത്ത് ലീഗിന്റെ വിലയിരുത്തല്‍.

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ കൊണ്ടുവന്നു മത്സരിപ്പിച്ചതു ലീഗിന്റെ ആത്മാഭിമാനം നഷ്ടമാക്കി എന്ന ആരോപണം തെക്കന്‍ ജില്ലയില്‍ നേരത്തെ ശക്തമാണ്. ദേശീയ തലത്തില്‍ മുസ്്‌ലിം ലീഗിനെ കളങ്കപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ മത്സരം വഴിവച്ചു. ലീഗിന്റെ പതാകയും അസ്ഥിത്വവും ദയനീയമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ വന്നുചേര്‍ന്നത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ കേന്ദ്ര കേബിനറ്റില്‍ മന്ത്രിസ്ഥാനം സ്വപ്‌നം കണ്ടാണ് നിയമസഭാ അംഗത്വം രാജിവെച്ച് പാര്‍ലിമെന്റിലേക്കു മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചത് എന്നാണ് അണിയറ വര്‍ത്തമാനം. അതു നടക്കാതെ വന്നപ്പോള്‍, പാര്‍ലിമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുകയും നിര്‍ണായക സമയങ്ങളില്‍ ഓടിയൊളിക്കുകയും ചെയ്ത കുഞ്ഞാലിക്കുട്ടി കേരളത്തില്‍ യു ഡി എഫ് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാവാമെന്ന പ്രതീക്ഷയില്‍ ലോകസഭാ അംഗത്വം രാജിവച്ച് നിയമസഭയില്‍ മത്സരിച്ചു. ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യാനോ തിരുത്താനോ ഉള്ള സംഘടനാ ശേഷി ഇല്ലാത്ത പാര്‍ട്ടിയായി ലീഗ്് മാറി എന്നാണ് തെക്കന്‍ ജില്ലയിലെ നേതാക്കള്‍ പറയുന്നത്.

ലീഗിന്റെ അധപ്പതനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി നേതാക്കളാണ് തെക്കന്‍ ജില്ലകളില്‍ ലീഗ് വിട്ട് ഇടതുപക്ഷത്ത് ചേരുന്നത്. മുസ്ലിം ലീഗ് ചവറ നിയോജകമണ്ഡലം സെക്രട്ടറിയും ബഹ്‌റൈന്‍ കെ എം സി സി തെക്കന്‍ മേഖലാ കോ ഓഡിനേറ്ററുമായ തേവലക്കര ബാദുഷയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് വിട്ടു. ഇവര്‍ കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍ എസ് പി (എല്‍)ല്‍ ചേര്‍ന്ന് ഇടതുമുന്നണിയിലെത്തി. എല്ലാ തെക്കന്‍ ജില്ലയിലും അസംതൃപ്തരായ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ കൂട്ടത്തോടെ ലീഗ് വിടുമെന്ന് നേതാക്കള്‍ പറയുന്നു.

ലീഗില്‍ മലബാറിലേയും തെക്കന്‍ ജില്ലയിലേയും പ്രവര്‍ത്തകരെ രണ്ടു തരം പൗരന്‍മാരായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്ന ആരോപണമുണ്ട്. സ്വന്തം പാര്‍ട്ടി തന്നെ പ്രവര്‍ത്തകരെ അവഗണിക്കുന്നതിനാല്‍ യു ഡി എഫിലും ലീഗിന് വിലയില്ലാതാവുന്നു. എം എസ് എഫിലും യൂത്ത് ലീഗിലും എല്ലാം അംസതൃപ്തി പുകയുകയാണെന്നും നേതാക്കള്‍ പറയുന്നു. ഭരണം കിട്ടിയാല്‍ ധനാഗമന മാര്‍ഗമുണ്ടാവുമെന്ന പ്രതീക്ഷയില്‍ ലീഗില്‍ എത്തിയവരാണ് ഇന്ന് വിവിധ ജില്ലകളില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരെന്നും ആരോപണമുയരുന്നുണ്ട്.

അതേ സമയം, കോഴിക്കോട്ട് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കിയ ഉന്നതാധികാര സമിതിക്കാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കമ്പനിയുടെ ഡയറക്ടര്‍മാരെപ്പോലെയാണ് ലീഗ് ഉന്നതാധികാര സമിതി പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പ്രതിഷേധക്കാരെ അനുനയിപ്പിച്ചും ലീഗിനു മുന്നോട്ടു പോവാനാവില്ല. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണം. പാര്‍ട്ടിയില്‍ തലമുറ മാറ്റം ചര്‍ച്ചയാവാതിരിക്കാനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെപ്പറ്റി ചര്‍ച്ച ചെയ്യാത്തത്. ലീഗിന്റെ അഞ്ചോ ആറോ നേതാക്കള്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥക്കു മാറ്റം വേണം.

ഉന്നതാധികാരസമിതിയിലെ മുഴുവന്‍ പേരും ചേര്‍ന്ന് സീറ്റ് വീതം വെച്ചെടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗിന്റെ സംഘടനാ സംവിധാനത്തെ ഇത് ബാധിച്ചുവെന്നും നേതാക്കള്‍ പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest