National
ഏറ്റവും കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാന വാഗ്ദാനവുമായി മിസോറം മന്ത്രി

മിസോറം | ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന പ്രഖ്യാപനവുമായി മിസോറം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ. പൊതുവെ ജനസംഖ്യ കുറഞ്ഞ സ്വന്തം നിയോജക മണ്ഡലത്തില്‍ അംഗസംഖ്യ കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വന്തം നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാവിനാണ് പാരിതോഷികം നല്‍കുക. പണത്തിനു പുറമേ ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്.
ജനസംഖ്യയില്‍ വളരെ പിന്നിലാണ് മിസോറം. സംസ്ഥാനത്ത് വന്ധ്യതാ നിരക്ക് വളരെ കൂടുതലാണ്. വിവിധ മേഖലകളില്‍ നേട്ടം കൈവരിക്കുന്ന ആളുകളുടെ എണ്ണവും നന്നേ കുറവാണ്. മൊത്തം 21,087 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സംസ്ഥാനത്ത് 2011 ലെ സെന്‍സസ് പ്രകാരം 1,091,014 ജനങ്ങള്‍ മാത്രമാണുള്ളത്. ചതുരശ്ര കിലോമീറ്ററില്‍ 52 പേര്‍ മാത്രമാണ് നിവസിക്കുന്നത്. അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണ് മിസോറം.
പല സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് മിസോറം മന്ത്രിയുടെ കൗതുകമുണര്‍ത്തുന്ന പ്രഖ്യാപനം. അസമില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ലെന്നുമുള്ള നയം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.