Connect with us

Articles

ജീവിതം നെയ്‌തെടുക്കുന്നവര്‍

Published

|

Last Updated

ജീവിതപങ്കാളിയുടെ വിയോഗം സ്ത്രീക്കും പുരുഷനും ഒരുപോലെ വേദനാജനകമാണ്. എന്നാല്‍ ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീയ്ക്ക് പുരുഷന്മാരേക്കാള്‍ ഒറ്റപ്പെടലുകളും ഏകാന്തതയും കൂടുതലായിരിക്കും. പരസ്പരം സ്‌നേഹിച്ചും പരിപാലിച്ചും കലഹിച്ചുമൊക്കെ ജീവിതമങ്ങനെ ഒഴുകുമ്പോഴാണ് പൊടുന്നനെയുള്ള മരണത്തിന്റെ വരവ്. അതുവരെ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന, ഭാര്യയുടെയും മക്കളുടെയും മാതാപിതാക്കളുടെയും കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്താതിരുന്ന സാമ്പത്തിക സ്രോതസ്സുകൂടിയാണ് ഇവിടെ ഇല്ലാതാകുന്നത്.

സ്ത്രീകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നോട്ടുള്ള ജീവിതം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോകും. ജോലിയുള്ള സ്ത്രീകളേക്കാള്‍ തൊഴില്‍ ചെയ്യാത്തവര്‍ മാനസികമായി തളരുന്നതിനോടൊപ്പം ഉള്‍വലിഞ്ഞുപോകുന്നു. ഓരോ ദിവസവും സമ്മര്‍ദങ്ങള്‍ നിറഞ്ഞാതാകുന്നു. മക്കള്‍ക്ക് ഒരേസമയം അമ്മയും അച്ഛനുമാകണം. മാതാപിതാക്കളുടെ സംരക്ഷകയാകണം. കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ പൂര്‍ണ്ണമായും നോക്കേണ്ട ഉത്തരവാദിത്വം അവളിലേക്ക് മാത്രമായി ചുരുങ്ങും.

മക്കളുടെ പരാതിയും പരിഭവങ്ങളും കേട്ട് പരിഹരിച്ചുകൊടുത്തു അവരെ സ്വസ്ഥമായി ഉറങ്ങാന്‍ പറഞ്ഞയക്കുന്ന ഉമ്മമാര്‍. അവളുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കാന്‍ ആരുമില്ലാതെ തലയണ കണ്ണീരാല്‍ നനഞ്ഞുകുതിരും. ഒരേ സമയം വീട്ടുകാര്യങ്ങളും ഔദ്യോഗിക ചുമതലകളും നിര്‍വഹിക്കേണ്ടി വരുന്നവരെ സംശയങ്ങളുടെ നിഴലില്‍ തളച്ചിട്ട് സമൂഹം ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദ്രോഹിക്കുന്ന ബന്ധുക്കളും നാട്ടുകാരും ഇക്കാലത്തും കുറവല്ല.

ഭര്‍ത്താവ് ദൂരെ എവിടെയോ ഉണ്ടെന്ന വിശ്വാസത്തില്‍ പൊരുതി ജീവിക്കുമ്പോള്‍ എന്തിനവരെ വേട്ടയാടണം. പ്രിയപ്പെട്ടവന്‍ ഇല്ലാതാകുന്നതോടെ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും സമൂഹത്തോട് മുഴുവനും ഉത്തരം പറയേണ്ടിവരികയെന്നത് എത്രമാത്രം വിഷമകരമാണ്. അണിഞ്ഞൊരുങ്ങി നടന്നാല്‍ മുമ്പെങ്ങും ഇല്ലാത്തപോലെ ഒരായിരം സദാചാരക്കണ്ണുകള്‍ അവളെ പിന്തുടരും. മനോധൈ്യമുള്ളവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ ജീവിക്കുമ്പോഴും ഒരു വിഭാഗം സ്ത്രീകള്‍ നോവ് ഉള്ളിലൊതുക്കിക്കഴിയും.

വിവാഹത്തോടെ സൗഹൃദങ്ങള്‍ ഉപേക്ഷിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇത് സ്വന്തം ജീവിതത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. എപ്പോഴാണ് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നതെന്ന് പറയാന്‍ കഴിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉള്ളുതുറന്ന് സംസാരിക്കാനും സങ്കടങ്ങള്‍ അലിയിച്ചില്ലാതാക്കാനും കൂട്ടുകാര്‍ക്ക് സാധിക്കും.

പലപ്പോഴും എല്ലാവര്‍ക്കും വിധവയുടെ വേദനയുടെ ആഴം മനസ്സിലാകണമെന്നില്ല. ഭര്‍തൃവിയോഗം അറിഞ്ഞവര്‍ക്കേ ഈ വ്യഥയുടെ നീറ്റലറിയുകയുള്ളൂ. സമൂഹം എന്തുവിചാരിക്കുമെന്ന് കരുതി പുനര്‍വിവാഹം കഴിക്കാതെ നല്ലകാലം ഹോമിക്കുന്ന ഒത്തിരിപേരുണ്ട്. മറ്റുചിലര്‍ കുട്ടികളുടെ സുരക്ഷിതത്വമോര്‍ത്ത് ഇനിയൊരു വിവാഹമേ വേണ്ട എന്ന തീരുമാനമെടുക്കുന്നു.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്