Ongoing News
ആരാധനാലങ്ങൾ തുറക്കാൻ അനുമതി നൽകിയതിൽ സന്തോഷം; ജുമുഅക്ക് 40 പേരെയെങ്കിലും അനുവദിക്കണം: സമസ്ത

കോഴിക്കോട് | ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്‌ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരത്തിന് ചുരുങ്ങിയത് 40 പേർക്കെങ്കിലും പങ്കെടുക്കാൻ കൂടി അനുമതി ഉണ്ടാകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതായി നേതാക്കൾ കൂട്ടിച്ചേർത്തു.
വിശ്വാസികളുടെ നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ചാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. മുമ്പ് ലോക്ക്ഡൗൺ കഴിഞ്ഞ് പള്ളികൾ തുറന്നപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പള്ളി കമ്മിറ്റികൾ ജാഗ്രത കാണിച്ചിട്ടുണ്ട്. ഇപ്പോഴും സർക്കാർ തങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചു വേണം പള്ളികൾ പ്രവർത്തിപ്പിക്കാനെന്ന് നേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.