Connect with us

Kerala

അന്താരാഷ്ട്ര കര്‍മശാസ്ത്ര സെമിനാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൈറോ | ആധുനിക ഫിഖ്ഹ് ട്രെന്‍ഡുകള്‍ എന്ന പ്രമേയത്തില്‍ ജൂണ്‍ 24,25 ദിവസങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കര്‍മശാസ്ത്ര സെമിനാര്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ആഗോള പ്രശസ്തരായ പണ്ഡിതരും യൂണിവേഴ്‌സിറ്റി, കോളേജ് മേധാവികളുമടക്കം വലിയ പണ്ഡിതനിരയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.

അല്‍ അസ്ഹറിലെ സീനിയര്‍ പ്രഫസര്‍ ശൈഖ് അബ്ദുല്‍ അസീസ് ശഹാവി മുഖ്യാതിഥിയാവും.
ശൈഖ് സൈഫ് അലി അല്‍ അസ്രി , ഡോ. അബ്ദുല്‍ ഫത്താഹ് യാഫിഈ യമന്‍, ഡോ. ഗമാല്‍ ഫാറൂഖ് , സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി , ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി അല്‍ അവാരി , പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , ഡോ: അഹ്മദ് തീജാനി സഅദ് അല്‍ അസ്ഹരി നൈജീരിയ , ഡോ. ഹിഷാം കാമില്‍, ശൈഖ് സുഹൈര്‍ ഖസ്സാന്‍ അല്‍ മാലികി അല്‍ ജീരിയ തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

മദ്ഹബും മദ്ഹബ് നിഷേധവും ഭൂതവും വാര്‍ത്തമാനവും, ന്യുനപക്ഷ കര്‍മ്മ ശാസ്ത്രം വെല്ലുവിളികളും പരിഹാരങ്ങളും, നിധാന ശാസ്ത്രത്തിലെ പുനരുദ്ധാരണ വാദങ്ങളുടെ തെറ്റും ശരിയും, കര്‍മ്മ ശാസ്ത്ര ഗവേഷണ രംഗത്തെ സാധ്യതകള്‍, ഗവേഷണ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, മദ്ഹബുകളുടെ സമഗ്രതയും ആനുകാലികതയും തുടങ്ങിയ കര്‍മശാസ്ത്ര സംബന്ധിയായ ഇരുപത്തി അഞ്ച് വിഷയങ്ങളില്‍
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.

അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥി കൂട്ടായ്മ ഹൈഅതു ത്വലബതുല്‍ മലബാരിയ്യീന്‍ ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഹൈഅതിന്റെ യൂടൂബ് ചാനലിലും ഫെസ് ബുക്ക് പേജിലും തത്സമയം സംപേഷണം ചെയ്യും. ഹൈഅത്ത് പ്രതിനിധികളായ സയ്യിദ് ജാബിര്‍ അസ്സഖാഫ് അല്‍ അസ്ഹരി , മുഹമ്മദ് ആസഫ് സഖാഫി, സലാഹുദ്ദീന്‍ അയ്യൂബി അല്‍അസ്ഹരി നെല്ലിക്കട്ടിരി, ഇസ്മാഈല്‍ സഖാഫി, സഈദ് നൂറാനി, മിദ്ലാജ് ഈശ്വരമംഗലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest