Malappuram
ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കാന്‍ മഅദിന്‍ അക്കാദമി

മലപ്പുറം | കാട്ടുനായ്ക്കര്‍, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട കക്കാടന്‍പോയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅദിന്‍ അക്കാദമി സൗകര്യമൊരുക്കും. അവരുടെ പഠന രംഗത്തെ പരിമിതികള്‍ മനസ്സിലാക്കി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ ലോവലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടി.വിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ മഅദിന്‍ അക്കാദമി തീരുമാനിച്ചത്.
നിലവില്‍ രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ കുരുന്നുകള്‍ സ്‌കൂളിലെത്തുന്നത്. കോവിഡ് കാരണം വിദ്യാലയങ്ങള്‍ അടച്ചതോടെ സ്‌കൂള്‍ പഠനം നിലച്ചിരിക്കുകയാണ്. ഇതിനൊരു പരിഹാരമായി അവര്‍ക്ക് പഠന കേന്ദ്രമൊരുക്കി ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കുകയാണ് മഅദിന്‍ അക്കാദമി.
നിലവില്‍ ദുര്‍ബലമായ താര്‍പോളീന്‍ ഷെഡുകളില്‍ താമസിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റും എത്തിക്കുമെന്നും സ്ഥലം ലഭിക്കുന്ന മുറക്ക് അവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ തയ്യാറാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു.
വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശമാണെന്നും പല ഭാഗങ്ങളിലും ഒറ്റപ്പെട്ട് ജീവിക്കുന്ന ട്രൈബല്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.