Connect with us

Kerala

കൊവിഡ് ഡെല്‍റ്റ പ്ലസ്: പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്

Published

|

Last Updated

പത്തനംതിട്ട | അതിവ്യാപന ശേഷിയുള്ള കൊവിഡ് ഡെല്‍റ്റാ പ്ലസ് ബാധ ജില്ലയില്‍ റിപ്പോര്‍ട്ടായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ പോലീസ് നടപടികള്‍ ഉണ്ടാവുമെന്നു ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച കടപ്രയിലാണ്. കടപ്ര പഞ്ചായത്തില്‍ രോഗം പകരാതിരിക്കാനുള്ള കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വകഭേദം കണ്ടെത്തിയ പതിനാലാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തു കൂടുതല്‍ നിയന്ത്രണവുമുണ്ട്. ആളുകള്‍ പുറത്തുപോകുന്നതും പുറത്തുനിന്നും ആളുകള്‍ അകത്തുകടക്കുന്നതും കര്‍ശനമായും നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ പ്രദേശവും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ശതമാനവുമാണ്. ടി പി ആര്‍ കൂടിത്തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം അനിവാര്യവും. ഇതിനായി പോലീസ് നടപടി കടുപ്പിക്കാനും ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താനും പോലീസിന് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കഴിഞ്ഞ നാലു ദിവസമായി ജില്ലയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 258 കേസുകളിലായി 209 പേരെ അറസ്റ്റ് ചെയ്തു. അഞ്ച് കടകള്‍ക്കെതിരെ നടപടിയെടുക്കുകയും 525 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 890 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 572 പേര്‍ക്കെതിരെയും നടപടിയെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Latest