Gulf
ഐ ബി പി ജി അബുദാബി: എം എ യൂസഫ് അലി ചെയർമാൻ; പത്മനാഭ ആചാര്യ പ്രസിഡണ്ട്

അബുദാബി | യുഎഇയിലെ ഏറ്റവും സജീവ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് (ഐ ബി പി ജി) അബുദാബിയുടെ ഭരണസമിതി പുനഃസംഘടിപ്പിച്ചു. നിലവിലെ വൈസ് ചെയർമാൻ എം എ യൂസഫ് അലിയെ ചെയർമാനായും ശരദ് ഭണ്ഡാരിയെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.
ഡയറക്ടർ ബോർഡ് അംഗങ്ങളായി മോഹൻ ജഷൻമൽ, ഗിർധാരി വാബി, കെ മുരളീധരൻ, ഡോ. ഷംഷീർ വയലിൻ, സൈഫി രൂപാവാല, സുർജിത് സിംഗ്, തുഷാർ പട്നി, അദീബ് അഹമ്മദ്, ശ്രീധർ അയ്യങ്കാർ എന്നിവരെ തിരഞ്ഞെടുത്തു.
കമ്മിറ്റി ഭാരവാഹികൾ: പത്മനാഭ ആചാര്യ ( പ്രസിഡന്റ്), ഷെഹീൻ പുളിക്കൽ വീറ്റിൽ (വൈസ് പ്രസിഡന്റ്), രാജീവ് ഷാ ( ജനറൽ സെക്രട്ടറി& ട്രഷറർ).
അബുദാബി ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്ത ഐ ബി പി ജി ഇന്ത്യയും അബുദാബിയും തമ്മിലുള്ള വാണിജ്യ വികസനവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി 1991 ലാണ് സ്ഥാപിതമായത്. അടുത്ത തലമുറയിലെ പ്രൊഫഷണലുകൾക്കും സംരംഭകർക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ഡയറക്ടർ ബോർഡ് ഷഫീന യൂസഫലി, രോഹിത് മുരളീധരൻ, ഗൗരവ് വർമ്മ, സർവോട്ടം ഷെട്ടി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിയമിച്ചു.
ഇന്ത്യയും യുഎഇയും തമ്മിൽ പുരോഗമന ഉഭയകക്ഷി വ്യാപാര വേദി സൃഷ്ടിക്കുക, സംരംഭകത്വം, നെറ്റ്‌വർക്കിംഗ്, ആഗോളവൽക്കരണം, നവീകരണം, തൊഴിലവസരങ്ങൾ എന്നിവക്ക് പ്രചോദനം നൽകുന്ന സമഗ്രമായ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് എം എ യൂസഫലി പറഞ്ഞു.