Connect with us

Health

കൂര്‍ക്കംവലി: കാരണവും ചികിത്സയും

Published

|

Last Updated

ഒരു തവണയെങ്കിലും കൂര്‍ക്കം വലിച്ചുറങ്ങാത്തവര്‍ വളരെ കുറവായിരിക്കും. എന്താണ് കൂര്‍ക്കംവലി? എവിടെ നിന്നാണ് കൂര്‍ക്കംവലിയുടെ ശബ്ദമുണ്ടാകുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമറിയാത്ത നിരവധി ആളുകളുണ്ട്.

സാധാരണയായി നാം ശ്വാസമെടുക്കുമ്പോള്‍ മൂക്ക് വഴി അപ്പര്‍ റെസ്പിറേറ്ററി ട്രാക്ട് വഴി ഇത് ശ്വാസകോശത്തിലേക്ക് എത്തുന്നു. അപ്പര്‍ റെസ്പിറേറ്ററി ട്രാക്ട് എന്നാല്‍ മൂക്ക്, പാരിങ്സ്, ടോണ്‍സില്‍സ്, കുറുനാവ് തുടങ്ങിയവയെല്ലാം കൂടിച്ചേരുന്നതാണ്. ഇതുവഴി ശ്വാസം, ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന പാതയില്‍ തടസം നേരിടുമ്പോള്‍ ടിഷ്യൂസിന് അതായത് കുറുനാവിനും അവിടെയുള്ള മസിലുകള്‍ക്കും ഒരു പ്രകമ്പനം വരുന്നതുമൂലമാണ് കൂര്‍ക്കംവലിയുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കുന്നത്. ഈ തടസം കൂടുംതോറും കൂര്‍ക്കംവലിയുടെ ശബ്ദവും കൂടും.

സാധാരണയായി നാം ഉറങ്ങുമ്പോള്‍ ശരീരം വളരെയധികം ശാന്തമാകുകയും അപ്പര്‍ റെസ്പിറേറ്ററി ട്രാക്ടിന്റെ വ്യാസം കുറയുകയും ചെയ്യുന്നു. തന്മൂലമുണ്ടാകുന്ന പ്രകമ്പനമാണ് കൂര്‍ക്കംവലിയായി പുറത്തേക്കു വരുന്നത്. ഇതുകൊണ്ട് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയും ചെയ്യുന്നു. ഇത്തരത്തില്‍ അനുഭവപ്പെടുമ്പോഴാണ് ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയ (ഒ എസ് എ)എന്ന രോഗാവസ്ഥയായി മാറുന്നത്.

ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയ (ഒ എസ് എ)യുടെ രോഗലക്ഷണങ്ങള്‍

പൂര്‍ണ്ണമാകാത്ത ഉറക്കമാണ് പ്രധാനമായും ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയക്കാരില്‍ കാണപ്പെടുന്നത്. ഉറക്കത്തില്‍ പലയാവര്‍ത്തി ഞെട്ടിയുണരുക, രാവിലെ ഉറക്കമുണര്‍ന്നാല്‍ ക്ഷീണം അനുഭവപ്പെടുക, പകല്‍സമയത്ത് ഉറക്കം തൂങ്ങുക, വായന, ടിവി കാണുക, യാത്രചെയ്യുക എന്നീ സമയങ്ങളിലെല്ലാം പെട്ടെന്ന് ഉറങ്ങിപ്പോകുക, കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പോലും ഉറക്കം തൂങ്ങി അപകടം സംഭവിച്ചര്‍പോലും ധാരാളമുണ്ട്.

ഒ. എസ്. എ ഉള്ളവരില്‍ അമിതവണ്ണം കാണപ്പെടുന്നു. പ്രധാനമായും കഴുത്തിന്റെ ചുറ്റളവ് കൂടുക, വയര്‍ കൂടിവരിക എന്നിവയെല്ലാം രോഗിക്ക് അനുഭവപ്പെടുന്നു. കഴുത്തിന്റെ അപ്പര്‍ റെസ്പിറേറ്ററി ട്രാക്ടിന്റെ ചുറ്റുമുള്ള കൊഴുപ്പ് അടിയുന്നത് കൂടുകയും തന്മൂലം അപ്പര്‍ റെസ്പിറേറ്ററി ട്രാക്ടിന് തടസം നേരിടുകയും ചെയ്യുന്നു.

ഈ രോഗികളില്‍ ശ്വസതടസം കൂടുതലായും അനുഭവപ്പെടുന്നു. മാത്രവുമല്ല, അമിതവണ്ണം ഇല്ലാത്തവരിലും കുട്ടികളിലും ഈ രോഗം കണ്ടുവരുന്നുമുണ്ട്. ഇത്തരക്കാര്‍ക്ക് മൂക്കിനുള്ളിലെ തടസം, ദശ വളരുക, ടോണ്‍സിലൈറ്റിസ്, ടോണ്‍സില്‍സ് എന്നിവയാകാം കാരണം. മദ്യപാനവും രോഗത്തിന് പ്രധാന കാരണമാണ്. മദ്യപിച്ചുകഴിഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ മസിലുകളുടെ ടോണ്‍ കൂടുതല്‍ റിലാക്സ് ആകുന്നു, അങ്ങനെയും കൂര്‍ക്കംവലി ഉണ്ടാകും.

ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു?

സാധാരണയായി ശരീരത്തിലെ ഓക്സിജന്റെ അവളവ് കുറയുകയാണ് ചെയ്യുന്നത്. അതിനോടനുബന്ധിച്ച് ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതായും കാണപ്പെടുന്നു. ചിലപ്പോള്‍ ഹൃദയമിടിപ്പും കൂടിയും കുറഞ്ഞുമിരിക്കും. ഇതിന്റെ ഭാഗമായി ഹൃദയസ്തംഭനംവരെ ഉണ്ടാകുന്നു. മാത്രവുമല്ല ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയയുള്ള രോഗികളില്‍ സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നിവയുടെ സാധ്യത 20 മുതല്‍ 30 ശതമാനം വരെ കൂടുന്നതായി കാണുന്നു. ഡയബറ്റിക്സ്, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവയും ഉണ്ടാകും. കൃത്യമായി മരുന്നുകള്‍ കഴിച്ചിട്ടും പ്രമേഹവും രക്തസമ്മര്‍ദ്ദവും കുറഞ്ഞിട്ടില്ലെങ്കില്‍ ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയയുടെ പരിശോധനകള്‍ ചെയ്യേണ്ടതാണ്.

പരിശോധന

സ്ളീപ്പ് സ്റ്റഡി എന്ന പരിശോധനയാണ് നടത്തേണ്ടത്. ഇങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളില്‍ രാത്രി സമയത്താണ് പരിശോധന ചെയ്യുക. ഒരു ദിവസം രോഗിയെ സ്ളീപ്പ് ലാബില്‍ അഡ്മിറ്റ് ചെയ്യുകയും രോഗിയുടെ ഓക്സിജന്റെ അളവ്, കൂര്‍ക്കംവലിയുടെ തോത്, ഒരു മണിക്കൂറില്‍ എത്ര തവണ കൂര്‍ക്കം വലിക്കുന്ന തോത് എന്നിവ നിരീക്ഷിക്കും. ഒരു മണിക്കൂറില്‍ 30 തവണയില്‍ കൂടുതലായി കൂര്‍ക്കം വലിക്കുകയാണെങ്കില്‍ സിവിയര്‍ ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയയാണെന്ന് അനുമാനിക്കാം. ഇതിന്റെ ഭാഗമായി ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ്, ഇ ഇ ജി തുടങ്ങിയ പരിശോധനകളും നടത്തും.

എന്തൊക്കെയാണ് പ്രതിവിധികള്‍
  • ശരീരഭാരം കുറയ്ക്കുക.
  • ശരിയായ വ്യായാമം
  • പുകവലി, മദ്യപാനം എന്നിവ നിര്‍ത്തുക
  • സ്ളീപ്പ്ആപ് മെഷീന്‍ ഉപയോഗിക്കുക.

മുറതെറ്റാതെയുള്ള വ്യായാമവും ശരീരഭാരം കൂടാതെ നോക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഒബ്സ്ട്രക്ടീവ് സ്ളീപ്പ് അപ്നിയയും കൂര്‍ക്കംവലിയും ഒരുപരിധിവരെ ഇല്ലാതാക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നന്ദിനി. വി
കണ്‍സള്‍ട്ടന്റ് പുള്‍മണോളജിസ്റ്റ്,
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

തയ്യാറാക്കിയത്: 
റഫീഷ പി