Connect with us

Kerala

പത്ത് ലക്ഷത്തിന്റെ കാർ കൊള്ളില്ലെന്ന് പറഞ്ഞ് ക്രൂരമർദനവും തെറിവിളിയും; കിരണിന്റെ ക്രൂരത വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു

Published

|

Last Updated

കൊല്ലം | ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ ഭർത്താവ്  അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചിരുന്നതായി വാട്ട്സാപ്പ് ചാറ്റുകൾ. വിസ്മയ വീട്ടുകാർക്ക് അയച്ച വാട്ട്സാപ്പ് സന്ദേശങ്ങളിലാണ് കിരണിന്റെ ക്രൂരത വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസത്തെ മർദനത്തെക്കുറിച്ചും അതിന് മുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ചും ഈ സന്ദേശങ്ങളിൽ പറഞ്ഞിരുന്നു. വിസ്മയ വാട്സാപ്പിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:-

“”വണ്ടി കൊള്ളില്ല എന്ന് പറഞ്ഞു, എന്നെ തെറിവിളിച്ചു. അച്ഛനെയും ചീത്തവിളിച്ചു. അയാൾക്ക് ആ വണ്ടി ഇഷ്ടമല്ല. ഞാൻ എത്ര നല്ല ലെവലിൽ ആയിട്ട് എനിക്ക് കിട്ടിയത് ഈ കോപ്പ് വണ്ടി എന്നൊക്കെ പറഞ്ഞു. അച്ഛനെ കുറേ പച്ചത്തെറി വിളി. ലാസ്റ്റ് നിർത്താൻ പറഞ്ഞു ഞാൻ. അപ്പോ അയാൾ നിർത്തില്ല. ഞാൻ കതക് തുറന്നു, അപ്പോൾ എന്റെ മുടിയിൽ പിടിച്ചുവലിച്ചു. എന്നിട്ട് തെറിയും. ലാസ്റ്റ് ഞാൻ ഇറങ്ങി. ഞാൻ പറഞ്ഞു, എനിക്ക് പേടിയാ ഞാൻ വരുന്നില്ല.അടിക്കും വീട്ടിൽ വന്നാൽ, അങ്ങനെ സാധാരണ ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. കുറേ അടിച്ചു. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. അടിച്ചു എന്നേ പറഞ്ഞുള്ളൂ””

വിവാഹ ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് വിസ്മയയെ ഭർത്താവും വീട്ടുകാരും സമ്മർദം ചെലുത്തിയെന്ന് വിസ്മയയുടെ കുടുംബസുഹൃത്ത് സ്വകാര്യ ചാനലിനോട് പറഞ്ഞു. “”അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. നല്ലൊരു കാര്യമാണെന്ന് പറഞ്ഞാണ് ഈ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഭർത്താവും വീട്ടുകാരും വീടിന്റെ പുനർനിർമാണത്തിനും മറ്റും കൂടുതൽ പണം ആവശ്യപ്പെട്ട് കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇടയ്ക്ക് ഞങ്ങൾ കിരണിനെതിരേ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് വക്കീലുമായി സംസാരിച്ചിരുന്നു. പിന്നീട് കിരൺ വന്നുതന്നെയാണ് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോയത്. അവൻ നിർബന്ധിച്ചാണ് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി. ഭർത്താവിന്റെ വീട്ടുകാർക്കും ഈ സംഭവത്തിൽ പങ്കുണ്ട്. ഇങ്ങനെയെല്ലാം ചെയ്തിട്ടും മകനെ അവർ തിരുത്തേണ്ടതല്ലേ, അതിനാൽ അവർക്കും പങ്കുണ്ടെന്നാണ് ഞങ്ങളുടെ സംശയം.””- സക്കീർ ഹുസൈൻ വിശദീകരിച്ചു.

Latest