Connect with us

Ongoing News

ഉദ്യോഗസ്ഥരുടെ അടിമ ഉടമ മനോഭാവം; വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ കുറിപ്പ് വൈറല്‍

Published

|

Last Updated

കോഴിക്കോട് | സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫ്യൂഡല്‍ മനോഭാവത്തിനെതിര തുറന്നടിച്ച് വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി. വയനാട് താലൂക്ക് സര്‍വ്വേ ഓഫീസില്‍ താന്‍ ദൃക്‌സാക്ഷിയായ സംഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ജുനൈദ് പ്രതികരിച്ചത്.

“ദുരധികാരത്തിന്റെ ദുര്‍മേദസ്സുകള്‍” എന്ന തലക്കെട്ടില്‍ കാലിന് മുകളില്‍ കാല് കയറ്റി വെച്ച് തന്റെ മുന്നിലെത്തിയ പരാധിക്കാരനെ ഫ്യൂഡല്‍ മോഡല്‍ വിചാരണ നടത്തുന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ സഹിതമാണ് കുറിപ്പ്. ജുനൈദിന്റെ കുറിപ്പിനെ അനൂകൂലിച്ച് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ്‌ (കെ.സി.ഡി.പി.എസ്.സി) സംസ്‌ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ജുനൈദ് കൈപ്പാണി

ഫേസ്ബുക്ക് കുറിപ്പിന്റ പൂര്‍ണ്ണ രൂപം:

ദുരധികാരത്തിന്റെ ദുര്‍മേദസ്സുകള്‍..!

ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരോട് നമ്മുടെ ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കേണ്ടി വന്ന വേദനയിലാണു ഈ കുറിപ്പെഴുതുന്നത്. (ഒരു വിഭാഗം എന്ന് അടിവരയിട്ട് പറയുകയാണു; അങ്ങേയറ്റം ത്യാഗപൂര്‍ണ്ണമായി നാടിനെ സേവിക്കുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരെ എനിക്ക് നേരിട്ടുതന്നെ അറിയാം).

മധ്യവയസ്സ് പിന്നിട്ട ഒരു പാവം മനുഷ്യന്‍ കനത്ത മഴ വകവെക്കാതെ ഇന്ന് രാവിലെ എന്നെ തേടി വീട്ടിലെത്തിയിരുന്നു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒരു ഫയലിന്റെ കാര്യം വിവരിച്ചുകൊണ്ട്, പ്രസ്തുത വിഷയത്തില്‍ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന അപേക്ഷയുമായാണു അദ്ദേഹം വന്നത്. അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളുടെ കഥകള്‍ കേട്ട് പ്രശ്‌നപരിഹാരത്തിനായി എന്നെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യാമെന്നു കരുതി ഞങ്ങളിരുവരും അപ്പോള്‍ തന്നെ മാനന്തവാടി താലൂക്ക് റീസര്‍വ്വേ ഓഫീസിലേക്ക് തിരിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന, പൊതുജനം ദാനമായി നല്‍കിയ പദവിയിലിരിക്കുന്ന വ്യക്തി എന്നതുകൊണ്ടാവാം എന്നോട് തികച്ചും മാന്യമായി പെരുമാറിയ അവിടുത്തെ “മുതിര്‍ന്ന” ഉദ്യോഗസ്ഥരിലൊരാള്‍, എന്റെ പിതാവിനെക്കാളും പ്രായം വരുന്ന ആ നിസ്വനായ മനുഷ്യനു നല്‍കിയ സ്വീകരണം തീര്‍ത്തും അസ്വസ്ഥജനകമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ നിരവധി ജനകീയ മുന്നേറ്റങ്ങളും ത്യാഗോജ്വല സമരപരമ്പരകളും വഴി നാം നാടുകടത്തിയ ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു എനിക്കവിടെ കാണാനായത്.

സര്‍ക്കാര്‍ കാര്യാലയത്തിനുള്ളില്‍ പരാതിയുമായെത്തുന്ന പാവപ്പെട്ട പൗരന്മാരെ, ജന്മിമാരെപ്പോലും നാണിപ്പിക്കുന്ന അധികാരഗര്‍വ്വിന്റെ ശരീരഭാഷയോടെ ഓച്ഛാനിപ്പിച്ചു നിര്‍ത്തുകയും പരാതികള്‍ കളിപ്പന്ത് പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയും ചെയ്യുന്ന അധികാര ജീര്‍ണ്ണതയുടെ പ്രതീകങ്ങളിലൊന്ന് എന്ന നിലയ്ക്ക് ആ കാഴ്ചയുടെ ഒരു ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുകയാണു.

ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിര്‍ദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാര്‍ക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്. ഈ സാധു മനുഷ്യരുടെ വിയര്‍പ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗര്‍വങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയര്‍ത്തപ്പെടുന്നത്. അവരോട് കരുണ കാണിക്കുക; അവരുടെ പ്രായത്തെയെങ്കിലും മാനിക്കുക; അവരുടെ നിസ്സഹയാതകള്‍ക്ക് മേല്‍ കുതിര കയറാതിരിക്കുക.

ഇത് ഒരു ജനപ്രതിനിധിയുടെ ആത്മാര്‍ത്ഥമായ അപേക്ഷ മാത്രമാണു. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. ആ സാധു മനുഷ്യന്റെ ദയനീയമായ നില്‍പും യാചനാ സ്വരത്തിലുള്ള സംസാരവും ഒരു വശത്തും, തന്റെ മഴക്കോട്ടു പോലും അഴിച്ചു വെക്കാന്‍ മെനക്കെടാതെ ബിഹാറിലൊക്കെ പറഞ്ഞു കേട്ടിട്ടുള്ള മട്ടില്‍ ജന്മിത്വ ധാര്‍ഷ്ട്യത്തിന്റെ ആള്‍ രൂപമായി അവതരിച്ച ആ ഉദ്യോഗസ്ഥദുഷ്പ്രഭുവിന്റെ അവജ്ഞാപൂര്‍ണ്ണമായ ഇടപെടലും മനസ്സില്‍ തികട്ടി വരുന്നതുകൊണ്ട് മാത്രമാണു;
പരാതികളുമായെത്തുന്ന പാവം മനുഷ്യരെ ആത്മാഭിമാനമുള്ള സഹജീവികളായി നീതിപുര്‍വം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണു, ഈ കുറിപ്പ്.

ജുനൈദ് കൈപ്പാണി
ചെയര്‍മാന്‍
വയനാട് ജില്ലാ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

Latest