Kerala
കടം വാങ്ങിയ പണമാണ് സി കെ ശശീന്ദ്രന് തിരികെ നല്‍കിയത്; വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും: സി കെ ജാനു

കല്‍പ്പറ്റ | സി കെ ജാനു തന്നത് കടം വാങ്ങിയ പണമാണെന്ന സി കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി കെ ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി കെ ജാനു പറഞ്ഞു.
കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു.
ശശീന്ദ്രന് വായ്പ വാങ്ങിയ വാങ്ങിച്ച പൈസയാണ് കൊടുത്തതെന്നും ജാനു പറഞ്ഞു. നാളെ വേറെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ ഇനിയും അദ്ദേഹത്തിന്റെ അടുത്തുനിന്ന് വാങ്ങും. ശശീന്ദ്രന്റെ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ബേങ്ക് വായ്പയായാണ്അത് ചെയ്ത് തന്നത്. അത് ബേങ്കില്‍ തന്നെ തിരിച്ചടച്ചു. ബേങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ പറ്റില്ലേ. വായ്പയും കടവും വാങ്ങാന്‍ പറ്റില്ലേ എന്നും അവര്‍ ചോദിച്ചു.
കെ സുരേന്ദ്രന്‍ പണം കൈമാറിയതിന്റെ പിറ്റേന്ന് കല്‍പറ്റയിലെ ബേങ്കിലെത്തി സി കെ ശശീന്ദ്രന്റെ ഭാര്യക്ക് ജാനു പണം നല്‍കിയെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്റെ ആരോപണം. ഇത് തള്ളി സി കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കടം വാങ്ങിയ പണമാണ് സി കെ ജാനു നല്‍കിയതെന്നായിരുന്നു സി കെ ശശീന്ദ്രന്‍ പറഞ്ഞത്