National
ജമ്മു കശ്മീര്‍; സര്‍വകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി | ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സി പി എമ്മും. ഈമാസം 24ന് നടക്കുന്ന യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും. എന്നാല്‍, യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. യോഗ വിവരമറിയിച്ച് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നുവെന്നും പങ്കെടുക്കണോയെന്ന് ആലോചിക്കുന്നതിനായി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന് ചേരുമെന്നും പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി വ്യക്തമാക്കി.
370-ാം അനുഛേദത്തിന്റെ വിവാദ റദ്ദാക്കലിനു ശേഷം ഇതാദ്യമായാണ് ജമ്മു കശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മില്‍ കൂടിക്കാഴ്ചക്കൊരുങ്ങുന്നത്. യോഗ നടപടികളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.