Covid19
അഞ്ച് ശതമാനത്തില്‍ താഴെ ടി പി ആര്‍ ഉള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകളുമായി കര്‍ണാടക

ബെംഗളൂരു | കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അഞ്ച് ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇതോടെ 16 ജില്ലകളില്‍ ഇളവുകളുണ്ടാകും. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന ജൂണ്‍ 21നാണ് ഇളവുകള്‍ നിലവില്‍ വരിക.
ബെലാഗാവി, മാണ്ഡ്യ, കൊപ്പാള്‍, ചിക്കബല്ലാപുര, തുമാകുരു, കോളാര്‍, ബെംഗളൂരു അര്‍ബന്‍, ഗഡഗ്, റായ്ച്ചൂര്‍, ബഗള്‍കോട്ടെ, കലബുറഗി, ഹാവേരി, രാമനഗര്‍, യഡ്ഗീര്‍, ബിദാര്‍ എന്നീ ജില്ലകളിലാണ് ഇളവുകളുണ്ടാകുക. ഇവിടങ്ങളില്‍ വൈകിട്ട് അഞ്ച് വരെ എല്ലാ കടകളും തുറക്കാം.
ഈ ജില്ലകളില്‍ 50 ശതമാനം ശേഷിയോടെ എല്ലാ ഹോട്ടലുകളും ക്ലബുകളും റസ്‌റ്റോറന്റുകളും തുറക്കും. ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ജിമ്മുകള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവക്കും എ സിയില്ലാതെ ഇങ്ങനെ പ്രവര്‍ത്തിക്കാം. ബസും മെട്രോയും 50 ശതമാനം ശേഷിയോടെ ഓടും. പുറത്തെ ഷൂട്ടിംഗും കായിക പരിപാടികളും അനുവദിക്കും.