Organisation
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേരളത്തില്‍ പൂര്‍ണ്ണമായും നടപ്പാക്കണം: കേരള മുസ്‌ലിം ജമാഅത്ത്

പത്തനംതിട്ട | ഇന്ത്യയിലെ മുസ്‌ലിം മത ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത എല്ലാ പദ്ധതികളും കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പത്തനംതിട്ട ജില്ലാ സെമിനാര്‍ ആവശ്യപ്പെട്ടു.
മുസ്‌ലിം മത ന്യൂനപക്ഷത്തിനായി ആവിഷ്‌കരിച്ച പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി മുസ്്ലീം സമുദായത്തിന് തന്നെ ലഭിക്കണം. മറ്റ് മത വിഭാഗങ്ങളുടെ തല്‍സ്ഥിതി കണ്ടെത്തി കുറവുകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. “ന്യൂനപക്ഷ ക്ഷേമം കോടതി വിധിയും വസ്തുതകളും” എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാര്‍ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു, അഡ്വ. പി യു അലി, എ എം ഇസ്മായില്‍, മുഹമ്മദ് ഷിയാഖ് ജൗഹരി, എ പി മുഹമ്മദ് അഷ്ഹര്‍, എ എം സുലൈമാന്‍ ഹാജി നിരണം, സുധീര്‍ വഴിമുക്ക് സംസാരിച്ചു.