Connect with us

Eranakulam

മക്കളെ സൂക്ഷിച്ചോളൂ; വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

Published

|

Last Updated

കൊച്ചി | ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥിയുടെ മാതാവിന്റെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയത്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വീട്ടമ്മയുടെ പരാതിയിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിൽ സൈബർ പോലീസിലെ പ്രത്യേക വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് വിദ്യാർഥി പണം നഷ്ടപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗെയിം ലഹരിയായി മാറിയതോടെ 40 മുതൽ 4,000 രൂപ വരെ ഒരു സമയം റീചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്ത് പ്രാവശ്യം ചാർജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്ന് പോയതായി അറിഞ്ഞത്.

സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണുകൾ ഇടക്കിടക്ക് പരിശോധിക്കണം.
മാതാപിതാക്കൾക്ക് കൂടി അറിയുന്ന യൂസർ ഐഡിയും പാസ് വേഡും മാത്രമേ അക്കൗണ്ടുകളിലും ഫോൺ ലോക്കിലും ഉപയോഗിക്കാവൂയെന്നും കുട്ടികൾ പഠനാവശ്യത്തിന് മാത്രമേ മൊബൈൽ ഉപയോഗിക്കുന്നുള്ളൂ എന്നും ഉറപ്പുവരുത്തണമെന്ന് പോലീസ് നിർദേശിച്ചു.

നിരോധിച്ച ഗെയിമുകളും ആപ്പുകളും കുട്ടികൾ ഉപയോഗിക്കുന്നില്ലെന്നും മാതാപിതാക്കൾ ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകൾ മൊബൈലിൽ ഇല്ലെന്നും ഉറപ്പു വരുത്തണം.

അസമയങ്ങളിലും കൂടുതൽ സമയവും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. മാതാപിതാക്കളുടെ ഒൺലൈൻ ബേങ്കിംഗ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാതിരിക്കണമെന്നും പോലീസ് അറിയിച്ചു.

സ്‌കൂളിൽ നിന്ന് പഠനാവശ്യങ്ങൾക്ക് അധ്യാപകർ അയക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവെക്കരുത്. ഇങ്ങനെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നും ജില്ലാ പോലീസ് മേധാവി എസ് പി കാർത്തിക് പറഞ്ഞു.

Latest