Connect with us

Kerala

അവസാന ശ്വാസം വരെ മകന്റെ മോചനത്തിനായി കൊതിച്ചു; ഒടുവില്‍ നിറകണ്ണുകളോടെ മടക്കം

Published

|

Last Updated

കോഴിക്കോട് | അവസാന ശ്വാസംവരെ മകന്റെ മോചനത്തിനായി കൊതിച്ച ആ മാതാവ് ഒടുവില്‍ മിഴിയടച്ചു. ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ 90 കാരിയായ മാതാവ് കദിജ കുട്ടി ഇന്നലെ മരണപ്പെടുമ്പോള്‍ ഏവരിലും ആഴത്തിലുള്ള നോവായി ആ വേര്‍പാട് അവശേഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് എതിരെ ചുമത്തിയ കുറ്റങ്ങളിലൊന്ന് ഒഴിവാക്കിയ വാര്‍ത്ത വീട്ടില്‍ അല്‍പം സമാധാനം കൊണ്ടുവന്നതിനു പിന്നാലെയായിരുന്നു മരണം.

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോഴായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. കാപ്പന്‍ കലാപം ഉണ്ടാക്കുനതിനായാണ് പുറപ്പെട്ടത് എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

അന്വേഷണം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും സി.ആര്‍. പി സി 116ാം വകുപ്പ് പ്രകാരമുള്ള സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം സിദ്ധിക് കാപ്പനെതിരെ ചുമത്തിയ സമാധാന അന്തരീഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ഒഴിവാക്കിയിരുന്നു. എങ്കിലും യു എ പി എ അടക്കമുള്ള മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുമെന്ന കോടതി നിരീക്ഷണത്തിന്റെ വേദനയിലായിരുന്നു വീടും കുടുംബവും.

അബോധാവസ്ഥയില്‍ മരണക്കിടക്കയില്‍ കഴിയുന്ന ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. അഞ്ച് ദിവസത്തെ ജാമ്യമാണ് സുപ്രീം കോടതി നല്‍കിയത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ജാമ്യം നല്‍കിയത്. അസുഖങ്ങള്‍ കാരണം കിടപ്പിലാണെന്നും ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വരുന്ന സമയമെല്ലാം മകനെ അന്വേഷിക്കുന്നതായും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

ജാമ്യം ലഭിച്ചതിനെ തുടർന്ന് കാപ്പന്‍ ഉമ്മയെ കാണാന്‍ എത്തിയിരുന്നു. മാതാവിനെയല്ലാതെ മറ്റാരെയും കാണാന്‍ അന്ന് അനുവാദമുണ്ടായിരുന്നില്ല. മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

കാപ്പന് ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രായാധിക്യം കാരണം വീഡിയോ കോണ്‍ഫറന്‍സ് സാധ്യമല്ലാത്തതിനാലും ഉമ്മയുടെ ആരോഗ്യ നില മോശമായതിനാലും നേരിട്ട് കാണാന്‍ അനുവദിക്കുകയായിരുന്നു.

ഒക്ടോബര്‍ അഞ്ചിനാണ് യു പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശദ്രോഹ കുറ്റവും യു എ പി എ പ്രകാരമുള്ള വകുപ്പുകളും ചുമത്തി ജയിലിലടക്കുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാര്‍ത്തിയത്.

പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കക്ഷികളോടും അനുഭാവം ഉള്ള ആള്‍ അല്ല സിദ്ദീഖ് കാപ്പനെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി പൊതു സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു ഭാര്യ റൈഹാനത്ത് നിരവധി തവണ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്നു.

Latest