Kerala
INTERVIEW ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞ് ഒരു രാഷ്ട്രീയ നിലപാട് എനിക്കില്ല: ടി സിദ്ധിഖ്

കോഴിക്കോട് | ഉമ്മന്‍ചാണ്ടിയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയ നിലപാട് തനിക്കില്ലെന്നു കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ധിഖ് എം എല്‍ എ. ചുമതല ഏറ്റെടുത്തശേഷം സിറാജ് ലൈവിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
താന്‍ ഉമ്മന്‍ചാണ്ടിയെ തള്ളിക്കളഞ്ഞ് മറുകണ്ടം ചാടിയാണ് പദവിയിലെത്തിയതെന്ന പ്രചാരണം ബോധപൂര്‍വമായി ചില കേന്ദ്രങ്ങളുണ്ടാക്കിയതാണ്. പദവികള്‍ ലക്ഷ്യമിട്ടവര്‍ക്ക് അതുകിട്ടാതാവുമ്പോഴുള്ള അങ്കലാപ്പാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ എല്ലാവരും ഏതെങ്കിലും ഒരു നേതാവിനോട് വൈകാരികമായ അടുപ്പം സൂക്ഷിക്കാറുണ്ട്. ഞാന്‍ അങ്ങിനെ അടുപ്പം സൂക്ഷിക്കുന്ന നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നും പാര്‍ട്ടിയിലെ ഇത്തരം കണക്ടിവിറ്റികളെ നെഗറ്റീവായി ഉപയോഗിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം പറയുന്നു.
കെ പി സി സിക്കു പുതിയ പ്രസിഡന്റും മൂന്നു വര്‍ക്കിങ്ങ് പ്രസിഡന്റുമാരും ചുമതലയേറ്റു കഴിഞ്ഞു. എന്താണ് അടിയന്തിര കടമ?
രണ്ടു സുപ്രധാന കടമകളാണ് നിര്‍വഹിക്കാനുള്ളത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ജനവിശ്വാസം വീണ്ടെടുക്കുന്നതിനുള്ള കര്‍മ പദ്ധതി നടപ്പാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. സംഘനാ പരമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് രണ്ടാമത്തേത്. കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടേയും സംഘടനാ പരമായ ദുര്‍ബലാവസ്ഥക്കു പരിഹാരം കാണുന്നതിനാവശ്യമായ സമഗ്രമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
ഇതിനാവശ്യമായ പദ്ധതി രൂപപ്പെടുത്തിയോ?
പ്രകടനപരമായി കാര്യങ്ങളെ കാണാനല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ ഫലം ഉറപ്പുവരുത്തും. 21 നും 23 നുമായി സുപ്രധാനമായ യോഗങ്ങള്‍ തിരുവനന്തപുരത്തു ചേരുന്നുണ്ട്. രാഷ്ട്രീകാര്യ സമിതിയില്‍ ഇതു സംബന്ധിച്ച ഗൗരമായ ആലോചനകള്‍ നടക്കും. പാര്‍ട്ടി സംഘടയെ ചലനാത്മകമാക്കാന്‍ ഉതകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് ആലോചനയില്‍ ഉള്ളത്.
ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ്സിന്റെ ശക്തിയും ദൗര്‍ബല്ല്യവുമാണെന്നു പറയാറുണ്ട്?
അടിത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ മേലോട്ട് ഏറ്റവും കൊള്ളാവുന്നവരെ ഉത്തരവാദിത്തങ്ങളിലേക്ക് ഉയര്‍ത്തുക എന്നതായിരിക്കും സമീപനം. നേതാക്കളുമായുള്ള അടുപ്പത്തിന്റെ പേരില്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്ന ഒരു രീതി നേരത്തെ ഉണ്ട്. അതിനെ പ്രോത്സാഹിപ്പിക്കാത്ത നടപടികളാണുണ്ടാവുക. ഗ്രൂപ്പുണ്ട് എന്നതിന്റെ പേരില്‍ ആരെയെങ്കിലും മാറ്റി നിര്‍ത്തുകയോ ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ അര്‍ഹത ഇല്ലാതാക്കുകയോ ചെയ്യുകയില്ല. പ്രവര്‍ത്തന ശേഷിയല്ലാതെ മറ്റൊന്നും പരിഗണിക്കാതെ പ്രവര്‍ത്തകരെ ഓരോ ഘടകങ്ങളിലും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനസ്സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുക.
ഇത്തരത്തില്‍ അടിത്തട്ടില്‍ ഒരു പുനസ്സംഘടന ശ്രമം നടത്തിയെങ്കിലും ഗ്രൂപ്പുകള്‍ പരാജയപ്പെടുത്തി എന്നു സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നുണ്ടല്ലോ?
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഒരു ടോട്ടല്‍ മൂവ്‌മെന്റ് സൃഷ്ടിച്ച് അതിനാവശ്യമായ പശ്ചാത്തലം ഒരുക്കി ചെയ്യേണ്ട കാര്യങ്ങളാണിതൊക്കെ. ഇന്‍ക്ലൂസീവ് ആയ വിപുലമായ കൂടിക്കാഴ്ചകള്‍ ഇതിനായി ആവശ്യമുണ്ട്. നടപടികളെക്കുറിച്ചെല്ലാം പ്രവര്‍ത്തകരെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നിട്ടുമാത്രമേ ഓരോ സ്‌റ്റെപ്പും എടുക്കാന്‍ കഴിയൂ. ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളുടെ അഭാവമാണ് നേരത്തെ നടന്ന വലിയ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം. പ്രവര്‍ത്തകര്‍ ചിതറിക്കിടക്കുകയാണ്. നിലവില്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണ വിനിമയം ചെയ്യപ്പെട്ട ശേഷമായിരിക്കും ഇനി നടപടികള്‍ ഉണ്ടാവുക.
കോണ്‍ഗ്രസ്സിന് ഒരു രാഷ്ട്രീയ നയം ഇല്ലാതെ സംഘടനാ പരമായി മാത്രം ദൗര്‍ബല്യങ്ങള്‍ പരിഹിക്കാന്‍ കഴിയില്ലെന്ന് എന്‍ എസ് മാധവനെപോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ?
രാഷ്ട്രീയ ദൗര്‍ബല്യം എന്നതു കോണ്‍ഗ്രസ്സിനെ മാത്രം പിടികൂടിയ ഒന്നല്ല. സാമൂഹിക ജീവിതത്തില്‍ ഉണ്ടായ മാറ്റം പുതിയ തലമുറയെ പൊതുവെ അരാഷ്ട്രീയ വല്‍ക്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന് അതിന്റേതായ രാഷ്ട്രീയ നയവും പരിപാടിയും ഉണ്ട്. അത് കൃത്യമായി പ്രവര്‍ത്തകരേയും അണികളേയും പഠിപ്പിക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ദുര്‍ബലമായത്. ഇന്ന് ഓരോ കുടുംബവും പുതിയ തലമുറയെ ഉന്നത ജോലികളില്‍ എത്തിക്കാന്‍ പാടുപെടുകയല്ലാതെ ഒരംഗത്തേപ്പോലും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണം എന്ന് ആലോചിക്കുന്നില്ല.
ദേശീയ ബോധമോ സാമൂഹിക ബോധമോ ഉള്ളവരായി കുട്ടികള്‍ മാറണമെന്ന ആഗ്രഹം രക്ഷിതാക്കള്‍ക്കില്ല. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് എല്ലാ സംഘടനാ സംവിധാനങ്ങളും ദുര്‍ബലമായതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ്സിനും ക്ഷീണമുണ്ടായത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നുള്ള പുതിയ തലമുറയെ വരെ രാഷട്രീയം പഠിപ്പിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കാന്‍ സംവിധാനമില്ലാതായതോടെയാണ് കോണ്‍ഗ്രസ്സിനു നയമില്ല എന്ന തോന്നല്‍ വ്യാപകമായത്.
ജംബോ കമ്മിറ്റികള്‍ ഇല്ലാതാകുമ്പോള്‍ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുന്നവരെ എങ്ങിനെ അക്കൊമഡേറ്റ് ചെയ്യും?
പാര്‍ട്ടിയുടെ താഴെ തട്ടിലും മേല്‍ത്തട്ടിലും പുനസ്സംഘടനക്ക് ടൈം ഷെഡ്യൂള്‍ തയ്യാറാക്കും. ഓരോരുത്തര്‍ക്കും ഉത്തവാദിത്തങ്ങളും കടമകളും വിഭജിച്ചു നല്‍കുകയും അതു സംഘടനാ പരമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നതോടെ ആര്‍ക്കും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന അവസ്ഥ ഇല്ലാതാവും.
സ്ഥാനമാനള്‍ക്കുവേണ്ടി കൈപിടിച്ചുയര്‍ത്തിയ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞു എന്ന ആരോപണം പോലും ഉയര്‍ന്ന പശ്ചാത്തലത്തില്‍ വലിയ ലക്ഷ്യങ്ങളുമായി താങ്കള്‍ എങ്ങിനയാണ് മുന്നോട്ടു പോവുക?
ഇപ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടായിട്ടുള്ള പുതിയ നേതൃ നിരയുടെ പേരില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിതമായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം മാത്രമാണ് ഞാന്‍ ഉമ്മന്‍ ചാണ്ടിയെ തള്ളിക്കളഞ്ഞു എന്നത്. ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി കെ സി ജോസഫിനെ വിളിച്ച് എനിക്കും ഷാഫിക്കും എതിരായി ഉയരുന്ന ആരോപണങ്ങള്‍ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുമായി ആശയവിനിമയം നടത്തിക്കൊണ്ടാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വൈകാരികമായി അടുപ്പം കാണിക്കുന്ന ഒരു നേതാവുണ്ടാവും. ആ നിലക്ക് എന്റെ നേതാവ് ഉമ്മന്‍ചാണ്ടിയാണ്. പാര്‍ട്ടിയിലെ ഇത്തരം കണക്ടിവിറ്റിയെ നെഗറ്റീവായി ഉപയോഗിക്കാന്‍ ഞാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. ഇത്തരം ബന്ധങ്ങളെ പോസിറ്റീവായി ഉപയോഗിക്കുന്ന രീതിയാണ് ആവശ്യം.
ഞാന്‍ ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറഞ്ഞു എന്ന ആരോപണം സ്ഥാനങ്ങള്‍ ആഗ്രഹിച്ചു ചരടുവലി നടത്തിയിട്ടു കിട്ടാത്ത ചിലരുടെ ബോധപൂര്‍വമായ പ്രചാരണമാണ്. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് അടക്കം ഓരോ കാര്യത്തിലും ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ക്കൊപ്പമാണ് ഞാന്‍ നിലകൊണ്ടത്. ഞാന്‍ ചുമതലയേറ്റത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. ഞാന്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് നൂറുശതമാനം ബോധ്യം അദ്ദേഹത്തിനും എനിക്കുമുണ്ട്.