Connect with us

Editorial

വാക്‌സീന്‍ ഇടവേള കുറക്കണം

Published

|

Last Updated

കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് വാക്‌സീന്‍ ഇടവേള വര്‍ധിപ്പിച്ചത്. വാക്‌സീനേഷന്റെ തുടക്കത്തില്‍ 28 ദിവസമായിരുന്നു ഇടവേള. പിന്നീട് ആറ് ആഴ്ച മുതല്‍ എട്ട് ആഴ്ച വരെയാക്കി. മെയ് 13ന് നടത്തിയ ഒരു പ്രഖ്യാപനത്തില്‍ ഇത് 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വാക്സീന്‍ വിദഗ്ധ സമിതിയും അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി തുടങ്ങി വിദഗ്ധരും ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ്. എട്ട് മുതല്‍ 12 ആഴ്ച വരെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തതെന്നും ഇടവേള ഒറ്റയടിക്ക് 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിച്ച നടപടി അംഗീകരിക്കാനാകില്ലെന്നുമാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ഡയറക്ടര്‍ എം ഡി ഗുപ്തെ അറിയിച്ചത്. 16 ആഴ്ചയായി വര്‍ധിപ്പിച്ചത് വിദഗ്ധ സമിതിയുടെയും സര്‍ക്കാറിന്റെയും ഏകകണ്ഠമായ തീരുമാനമാണ്. ഇതിനെതിരെ ഒരു ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അവകാശപ്പെട്ടിരുന്നത്. ഗുപ്തെയുടെ മേല്‍പ്രസ്താവനയോടെ ഈ വാദം പൊളിഞ്ഞിരിക്കുകയാണ്.

ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കാനും പുതിയ കൊവിഡ് വകഭേദങ്ങളുടെ വ്യാപനത്തിനും കാരണമാകുമെന്നാണ് എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടത്. ഫൈസര്‍ വാക്‌സീന്‍ ഡോസുകള്‍ എടുക്കുന്നതിന് മൂന്ന് ആഴ്ച ഇടവേളയാണ് ഉത്തമം. മൊഡേണ വാക്‌സീന്റെ ഇടവേള നാലാഴ്ചയാണ്. ഇവ തമ്മിലെ കാലദൈര്‍ഘ്യം വര്‍ധിക്കുന്നത് ഗുണകരമല്ല. ഇടവേള ദീര്‍ഘിച്ചത് ഇംഗ്ലണ്ടില്‍ വൈറസിന്റെ വകഭേദമുള്‍പ്പെടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രണ്ടാം ഡോസ് 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേളക്കു ശേഷമാകുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടവേള വര്‍ധിപ്പിച്ചതെന്നാണ് ഈ വിമര്‍ശങ്ങളോട് പ്രതികരിക്കവെ കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തത്. സുതാര്യവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വിവരങ്ങളെ അപഗ്രഥിക്കാന്‍ ഇന്ത്യക്കു സുശക്തമായ സംവിധാനമുണ്ട്. കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോള്‍ വാക്സീന്‍ ഫലപ്രാപ്തി 65 ശതമാനമാണെങ്കില്‍ ഇടവേള 12 ആഴ്ചയാകുമ്പോള്‍ ഫലപ്രാപ്തി 88 ശതമാനമായി വര്‍ധിക്കുന്നതായി യു കെ ഹെല്‍ത്ത് റഗുലേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂനൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറയാണ് ഇടവേള വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും ഇതിനെ ചിലര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ട്വീറ്റില്‍ മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ ഇന്ത്യയില്‍ വാക്‌സീനുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ അവലംബമായി ചൂണ്ടിക്കാട്ടുന്ന ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് പിന്നീട് അവരുടെ നിലപാടില്‍ മാറ്റം വരുത്തുകയും ഇടവേള കുറക്കാന്‍ ബ്രിട്ടന്‍ ഭരണകൂടത്തോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം കേന്ദ്ര ആരോഗ്യ വകുപ്പ് കാണാത്ത ഭാവം നടിക്കുകയാണ്. മെയ് 17 മുതല്‍ ബ്രിട്ടനില്‍ 50 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് ഇടവേള 12 ആഴ്ചയില്‍ നിന്ന് എട്ട് ആഴ്ചയാക്കി കുറച്ചിട്ടുണ്ട്. വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഇടവേള കുറക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. മെയ് 17ന് യു കെയിലെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സീന്‍ (ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡിന്റെ യു കെ പതിപ്പ്) രണ്ട് ഡോസ് എടുത്തവരില്‍ എട്ട് ശതമാനം മാത്രമാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരു തവണ എടുത്തവരില്‍ 29 ശതമാനം പേര്‍ രോഗബാധിതരായി. ഇതിനു പിന്നാലെയാണ് 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കാന്‍ യു കെ തീരുമാനിച്ചത്. യു കെയിലെ മുതിര്‍ന്ന പൗരന്മാരില്‍ 58 ശതമാനം പേര്‍ വാക്‌സീന്‍ രണ്ട് ഡോസും 78 ശതമാനം പേര്‍ ഒരു ഡോസും എടുത്തിട്ടുണ്ട്. യു കെ മാത്രമല്ല മറ്റു പല രാജ്യങ്ങളും, ഇടവേള വര്‍ധിപ്പിക്കുന്നത് വാക്സീന്‍ ഫലപ്രാപ്തി കൂട്ടുമെന്ന ആദ്യഘട്ട പഠന ഫലം പിന്നീട് തിരുത്തുകയും അവരെല്ലാം ഇടവേള കുറക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ഇടവേള കൂട്ടിയതിനു പിന്നില്‍ കൂടുതല്‍ ഫലപ്രാപ്തിയല്ല, വാക്‌സീന്റെ ലഭ്യതക്കുറവാണെന്നാണ് വസ്തുത. ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച് പരമാവധി ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് യു കെ ആരോഗ്യ വകുപ്പിന്റെ ആദ്യ പഠന റിപ്പോര്‍ട്ട് ഒരു പിടിവള്ളിയാക്കുകയാണെന്നു മാത്രം. കൊവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും അത് വേണ്ടത്ര ഗൗനിക്കാതെ രാജ്യത്ത് നിര്‍മിച്ച വാക്‌സീന്‍ കയറ്റുമതി ചെയ്തതാണ് മരുന്നിന്റെ ലഭ്യതക്കുറവിന് ഇടയാക്കിയത്. ഇതിന്റെ പേരില്‍ വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ കാലാവധി വര്‍ധിപ്പിച്ച് വൈറസിന്റെ ഡെല്‍റ്റ വകഭേദം പോലുള്ള പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയല്ല, ഇറക്കുമതിയിലൂടെയെങ്കിലും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കി വാക്‌സീന്‍ വിതരണം ശാസ്ത്രീയമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇടവേള വര്‍ധിപ്പിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനരാലോചന നടക്കുന്നതായാണ് വിവരം. പ്രായമേറിയവരിലെങ്കിലും ഇടവേള എട്ട് ആഴ്ചയാക്കി കുറക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് താമസിയാതെ പ്രഖ്യാപനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആവശ്യം.

Latest