Connect with us

Kerala

അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം: ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | അപ്രതീക്ഷിതമായ നീക്കത്തിലൂടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് അതൃപ്തി പ്രകടമാക്കിയ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തലയോട് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ രാഹുല്‍ഗാന്ധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഡല്‍ഹിയിലെത്താനാമ് നിര്‍ദേശം. ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിന്റെ ഭാഗമായാണ് നീക്കം.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ കേരള നേതാക്കളെ അറിയിച്ചിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ നിയമിച്ച രീതിയില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് നിയമനത്തിന് പിന്നാലെ പുതിയ കെ പി സി സി അധ്യക്ഷന്‍ ആരാവണമെന്ന ഹൈക്കമാന്‍ഡിന്റെ ചോദ്യത്തോട് ഈ നേതാക്കള്‍ കാര്യമായി പ്രതികരിക്കാതിരുന്നതും അതൃപ്തിയുടെ ഭാഗമായിരുന്നു. കെ സുധാകരന്റെ പേര് ഉയര്‍ന്നപ്പോള്‍ ആ നിര്‍ദേശത്തെ കുറിച്ച് പ്രതികരിക്കാന്‍ ചെന്നിത്തല തയ്യാറായിരുന്നില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു ചെന്നിത്തല സ്വീകരിച്ചിരുന്നത്.

അതേസമയം കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അതൃപ്തി പരിഹരിക്കാന്‍ ചെന്നിത്തലക്ക് പുതിയ പദവി നല്‍കിയേക്കുമെന്നാണറിയുന്നത്.

Latest