Connect with us

Gulf

ഇന്ത്യ - കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാര്‍; പുതിയ നിര്‍ദ്ദേശങ്ങള്‍ ആശ്വാസമാകും

Published

|

Last Updated

കുവൈത്ത് സിറ്റി | ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാറില്‍ വിദേശികള്‍ക്ക് അനുഗ്രഹമായി പുതിയ നിര്‍ദ്ദേശങ്ങള്‍. കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയും കുവൈത്തും ഒപ്പിട്ട ധാരണ പത്രം ചരിത്രപരമാണെന്ന് കുവൈത്ത് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എംബസിയില്‍ വിളിച്ചു ചേര്‍ത്ത വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണ പത്രത്തില്‍ തൊഴിലാളികള്‍ക്ക് ഒട്ടേറെ അനുകൂലമായ വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇത് പ്രാബല്യത്തിലാകും. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം. ആദ്യമായാണ് ഇത്തരമൊരു കരാര്‍ ഒപ്പിടുന്നത്. ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ തമ്മിലുള്ള കരാറാണിത്.

പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്ന വീട്ട് ജോലിക്കാര്‍ക്ക് ഗാര്‍ഹിക തൊഴിലാളികരാര്‍ പ്രകാരം നിയമത്തിന്റെ പൂര്‍ണ്ണ പരിരക്ഷ ലഭിക്കും. കരാര്‍ നിബന്ധന പ്രകാരം തൊഴിലാളിയുടെ പേരില്‍ സ്‌പോണ്‍സര്‍ ബാങ്കുകളില്‍ സാലറി എക്കൗണ്ട് ആരംഭിക്കുകയും എല്ലാ മാസവസാനവും ശമ്പളം തൊഴിലാളിയുടെ എക്കൗണ്ടില്‍ നിക്ഷേപിക്കുകയും വേണം. പ്രതിദിനം 8 മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമം തൊഴിലാളികള്‍ക്ക് അനുവദിക്കുണമെന്നും കരാര്‍ വ്യവസ്ഥയില്‍ പറയുന്നുണ്ട്.

പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ സ്‌പോണ്‍സര്‍ക്ക് അവകാശമുണ്ടാവില്ല എന്നുള്ളത് തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്രദവുമാണ്. റിക്രൂട്ട്‌മെന്റ് ചെലവ് കുറക്കാനും കരാര്‍ വ്യവസ്ഥയില്‍ പറയുന്നു. റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് പണം പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ സ്‌പോണ്‍സര്‍ക്ക് അവകാശമുണ്ടാകില്ല. കൂടാതെ പൂര്‍ണ്ണമായ ശമ്പളം തൊഴിലാളിക്ക് നല്‍കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാല്‍ നഷ്ടപരിഹാരവും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരും.

കുവൈത്ത് തൊഴില്‍ നിയമത്തിന്റെ പരിരക്ഷയും ഈ കരാറിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കും. കുവൈത്തിലെ മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ 47 ശതമാനം വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ കരാര്‍ വലിയ ആശ്വാസമായി അനുഗ്രഹവുമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അന്‍വര്‍ സി ചിറക്കമ്പം

---- facebook comment plugin here -----

Latest