Kerala
124 എ: സുപ്രീം കോടതി നിരീക്ഷണം ഐഷ സുൽത്താന കേസിൽ നിർണായകമാകും - അഡ്വ. സെബാസ്റ്റ്യൻ പോൾ

കോഴിക്കോട് | രാജ്യദ്രോഹകുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട 124 എ വകുപ്പ് പുനപരിശോധിക്കണമെന്ന സുപ്രീം കോടതി നിരീക്ഷണം ഐഷ സുല്‍ത്താന കേസില്‍ നിര്‍ണായകമായേക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോള്‍. സുപ്രീം കോടതിയുടെ നിരീക്ഷണം ഹൈക്കോടതി പരിഗണിക്കുകയാണെങ്കില്‍ ഐഷക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയുണ്ട്. എന്നാൽ അത് വിദൂര സാധ്യത മാത്രമാണെന്നും അദ്ദേഹം സിറാജ്‌ലൈവിനോട് പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ “ബയോവെപണ്‍” പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം.
124 എ, 153 ബി എന്നീ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ വകുപ്പുകള്‍ ചുമത്തിയാണ് ഐഷ സുല്‍ത്താനക്കെതിരെ കേസെടുത്തിരിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ കേസെടുത്തു നോക്കിയാല്‍ തന്നെ ഇക്കാര്യം മനസ്സിലാക്കാം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി ചുമത്തിയ വകുപ്പ് മധുര കോടതി നീക്കം ചെയ്തിട്ടു പോലും കാപ്പന് ജാമ്യം ലഭിച്ചില്ല.
എന്നാല്‍ ഈ അടുത്ത കാലത്ത് 124 എ പുനപരിശോധിക്കേണ്ട സമയമായിട്ടുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം ഹൈക്കോടതി പരിഗണിക്കുകയാണെങ്കില്‍ ജാമ്യം ലഭിക്കാനിടയുണ്ട്. ഇത് വിദൂര സാധ്യത മാത്രമാണ്. ഒരുപക്ഷേ ചോദ്യം ചെയ്യാൻ അവസരമൊരുക്കി അതിന് ശേഷം ജാമ്യത്തിൽ വിട്ടയക്കണമെന്ന സമീപനവും ഹെെക്കോടതി സ്വീകരിച്ചേക്കാം.
124 എ പ്രകാരം രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തെ അപകടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യണമെന്നില്ല. ദേശത്തിനെതിരായ വാക്ക്, സൂചന, ആംഗ്യം പോലും ഇതിൻെറ പരിഗണനയിൽ വരും. ഒരു ഭരണകൂടത്തിന് അവമതിപ്പും അവജ്ഞയും ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരവും ജനാധിപത്യവിരുദ്ധവുമാണെന്നാണ് ആ വകുപ്പ് വ്യക്തമാക്കുന്നത്. യഥാർത്തിൽ 124 എ റദ്ദാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
തയ്യാറാക്കിയത്: റഫീഷ പി