National
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ അഞ്ച് വരെ മാറ്റിവച്ച് പാക് കോടതി

ഇസ്ലാമാബാദ് | ചാരവൃത്തി ചുമത്തി പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ അഞ്ച് വരെ കോടതി മാറ്റിവച്ചു. അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്റെ അഭ്യര്‍ഥന മാനിച്ചാണ് കോടതി നടപടി. അടുത്ത വിചാരണ തീയതിയില്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
വധശിക്ഷ ചോദ്യം ചെയ്തും അഭിഭാഷകനെ നിഷേധിക്കുന്നതിനെതിരെയും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യെ സമീപിച്ചിരുന്നു. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ച ഉത്തരവ് ഫലപ്രദമായി പുനപ്പരിശോധിക്കണമെന്നും അഭിഭാഷകനെ നിയോഗിക്കാന്‍ ഇന്ത്യക്ക് വൈകാതെ അനുമതി നല്‍കണമെന്നും 2019 ജൂലൈയില്‍ ഐ സി ജെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. .
മെയ് ഏഴിന് കേസില്‍ വാദം കേട്ട ഇസ്ലാമാബാദ് ഹൈക്കോടതി ബഞ്ച് ജൂണ്‍ 15 നകം ജാദവിന് അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് മറ്റൊരു അവസരം കൂടി നല്‍കിയിരുന്നു. എന്നാല്‍, ഇത് പാക് കോടതിയുടെ അധികാരപരിധിക്ക് വിധേയമാകലാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ മറികടക്കലാണെന്നും ഇന്ത്യ വാദിക്കുകയായിരുന്നുവെന്ന് ഖാലിദ് ജാവേദ് ഖാന്‍ കോടതിയെ അറിയിച്ചിരുന്നു.
മുന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ 2016-ലാണ് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച്പിടികൂടിയത്. റോ ഏജന്റാണ് കുല്‍ഭൂഷണ്‍ എന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. കുല്‍ഭൂഷണിനെതിരേ ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിയ സൈനിക കോടതി 2017 ഏപ്രിലില്‍ അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു.