Connect with us

Kuwait

പൊടിക്കാറ്റില്‍ ഉലഞ്ഞ് കുവൈത്ത്; ജനജീവിതം ദുസ്സഹം

Published

|

Last Updated

കുവൈത്ത് സിറ്റി | അതിശക്തമായ പൊടിക്കാറ്റില്‍ ഉലഞ്ഞ് കുവൈത്ത് നഗരങ്ങളില്‍ ജന ജീവിതം ദുസ്സഹമായി. മൂന്ന് ദിവസമായി തുടരുന്ന ശക്തമായ ചൂടുള്ള പൊടിക്കാറ്റിന് ശമനമായില്ല. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അഞ്ഞ് വീശുന്ന പൊടിക്കാറ്റ് ചൂട് ശക്തി പ്രാപിക്കുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ കുവൈത്തില്‍ പൊതുവെ പതിവുള്ളതാണെങ്കിലും ഈ വര്‍ഷം ജൂണ്‍ തുടക്കത്തിലെ കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനം എന്തിന്റെ മുന്നറിയിപ്പാണ് എന്ന് പ്രവചിക്കാനാവാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഇനിയും ചൂടുള്ള പൊടിക്കാറ്റ് വീശാനാണ് കൂടുതല്‍ സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുവൈത്തില്‍ ചൂട് കൂടാന്‍ സാധ്യത ഏറെയാണെന്ന് അധികൃതര്‍ പറയുന്നു. കൊവിഡ് വിതച്ച വന്‍ വിപത്തില്‍ നിന്ന് രാജ്യം അല്‍പാല്‍പമായ് കര കയറുന്നതേയുള്ളൂ. വാഹനമോടിക്കുന്നവര്‍ക്ക് 200 മീറ്റര്‍ ദൂരത്തേക്ക് ഒന്നും കാണാന്‍ കഴിയാത്ത വിധമാണ് പൊടിക്കാറ്റ് അടിച്ചുവീശുന്നത്. ശക്തമായ പൊടിക്കാറ്റില്‍ വഴിയോരങ്ങളില്‍ പൊടിമണ്ണ് കുമിഞ്ഞ് കൂടിയിരിക്കുന്നത് കാണാം. കട വരാന്തകളിലും പള്ളി കോമ്പൗണ്ടുകള്‍, വീടകങ്ങള്‍ വരെ അടിച്ച് വീശിയ പൊടിക്കാറ്റിന്റെ അവശിഷ്ടങ്ങള്‍ പൊടിമണ്ണില്‍ അമര്‍ന്നിരിക്കുകയാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ ഇനിയും തുറക്കാത്ത കമ്പനികളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും നിരവധിയാണ്. അതിനിടക്ക് അടിച്ച് വീശിയ ചുട്ടുപൊള്ളുന്ന പൊടിക്കാറ്റിന്റെ ഭീതി കുറച്ചൊന്നുമല്ല ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്. രാജ്യത്ത് പൊടിക്കാറ്റ് ശക്തമായതോടെ ഏത് അടിയന്തരാവസ്ഥയും നേരിടാന്‍ സന്നദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തികച്ചും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങാനും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ബ്രോങ്കോഡിലേറ്റര്‍ മരുന്നുകള്‍ ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യ സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി ലൈന്‍ 112, അന്വേഷണങ്ങള്‍ക്കായി 151 എന്നീ നമ്പറുകളില്‍ വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Latest