Connect with us

Saudi Arabia

ഹജ്ജ് 2021 :ഹാജിമാരെ സ്വീകരിക്കാന്‍ ഇരുഹറമുകളും സജ്ജമായി

Published

|

Last Updated

മക്ക  | കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ ഇരുഹറമുകളിലുമെത്തുന്ന അല്ലാഹുവിന്റെ അഥിതികളെ സ്വീകരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിന്‍ ഹുസ്‌നി ഹൈദര്‍ പറഞ്ഞു.

ഹാജിമാരുടെ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ഹറമുകളിലേക്കുള്ള ഹാജിമാരുടെ തിരക്ക് ഒഴിവാക്കുന്നതിനായി സാമൂഹിക അകലം പാലിച്ച് വിവിധ ബാച്ചുകളായാണ്
പ്രവേശനം അനുവദിക്കുക. ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി പത്രം ഹറമുകളിലേക്ക് പ്രവേശിക്കുന്ന സമയത്ത് പരിശോധനക്കായി നല്‍കുകയും വേണം

സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷവും ത്വവാഫിനായി മതാഫിലെത്തുന്ന ഹാജിമാര്‍ക്ക് കഅബ തൊടുന്നതിനും ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല. വിശുദ്ധ കഅബയിലെ അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മതാഫിലും , സ്വഫാ -മര്‍വ്വക്കിടയിലും സാമൂഹിക അകലം പാലിച്ചാണ് ത്വവാഫും- സഇയ്യും പൂര്‍ത്തിയാക്കേണ്ടത്.

ഹറമുകളിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനവും തിരിച്ചുവരവുകളും സുഗമമാക്കുന്നതിനായി പ്രവേശന കവാടങ്ങളില്‍ ഈ വര്‍ഷം കൂടുതല്‍ സുരക്ഷാ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്, ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം മനുഷ്യ സ്പര്‍ശനമില്ലാതെ “സംസം പുണ്യ ജലം” തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വിതരണത്തിനായി സ്മാര്‍ട്ട് റോബോട്ടുകളും ഒരുക്കിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് ലൈറ്റ് എയര്‍ ശുദ്ധീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹറമിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യക ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ കൂളിംഗ് പ്ലാന്റ് മക്കയില്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്

കൊറോണകാലത്തെ രണ്ടാമത്തെ ഹജ്ജാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. ജൂലൈ 17 മുതല്‍ 22 വരെയാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് പുണ്യ ഭൂമി സാക്ഷ്യം വഹിക്കുക. 2020ല്‍ നടന്ന ഹജ്ജ് തീര്‍ഥാടനത്തിന് സഊദിയില്‍ കഴിയുന്ന സ്വദേശികളും-വിദേശികളുമടക്കം 1000 പേര്‍ക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.

ഹാജിമാര്‍ക്കുള്ള സേവനങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും, വിദേശ രാജ്യങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ വര്‍ഷം ഹജ്ജ് സഊദിയില്‍ കഴിയുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതെന്നും സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍ റബീഅ പറഞ്ഞു

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest