Kerala
അസമില്‍ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി | ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരികെ വരാനാകാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് അസമിലെ നഗോറയില്‍ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റംസാനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്‍പായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ടൂറിസ്റ്റ് ബസുകളിലൊന്നിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാന്‍ മടി കാണിച്ചതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അസമില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവുവരും. ഇവരെ അസമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും കൈയൊഴിഞ്ഞതോടെയാണ തൊഴിലാളികള്‍ ദുരിതത്തിലായത്.