Kerala
രാധാകൃഷ്ണന്റെ പാര്‍ട്ടിക്കാര്‍ മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്; എന്നിട്ടും വീട്ടില്‍ കിടന്നുറങ്ങി: മുഖ്യമന്ത്രി

തിരുവനന്തപുരം | തനിക്ക് എതിരായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്റെ ആളുകള്‍ മുമ്പും പലതവണ ഇത്തരം ഭീഷണികള്‍ മുഴക്കിയിട്ടുണ്ടെന്നും എന്നിട്ടും താന്‍ വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെന്ന സംരക്ഷണം ഒന്നും ഇല്ലാത്ത കാലത്തും താന്‍ ഇത്തരം ഭീഷണികളെ അതിജീവിച്ചിട്ടുണ്ടെന്നും അത് ഓര്‍ത്താല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാധകൃഷ്ണന്റെ ആളുകള്‍ വളരെ കാലം മുമ്പ് തന്നെ ഇങ്ങനെയുള്ള ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ജയിലില്‍ കിടക്കലല്ല. അതിന് അപ്പുറമായിരുന്നു അന്നുണ്ടായിരുന്നത്. അന്നെല്ലാം താന്‍ വീട്ടില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കള്‍ ആണെന്ന് സ്വയം തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യം ഞാന്‍ തീരുമാനിച്ച് നടപ്പാക്കും എന്ന് കരുതിയാല്‍ അത് നടപ്പാകില്ല എന്ന് നാട് തെളിയിച്ചതാണ്. എന്തെല്ലാം മോഹങ്ങളായിരുന്നു. അത് പ്രാവര്‍ത്തികമായോ – മുഖ്യമന്ത്രി ചോദിച്ചു
മക്കളെ ജയിലില്‍ നിന്ന് വന്ന് കാണേണ്ടി വരുമെന്നതിന്റെ സന്ദേശം എന്താണ്? ആ സന്ദേശമാണ് ഗൗരവമായി കാണേണ്ടത്. ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. ആ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ അമിതതാത്പര്യത്തോടെയോ തെറ്റായോ ഗവണ്‍മെന്റ് ഇടപെട്ടു എന്ന് ഇതുവരെ ആക്ഷേപം ഉയര്‍ന്നിട്ടില്ല. അപ്പോള്‍ എന്താണ് ഉദ്ദേശ്യം? “ഓ നിങ്ങള്‍ ഇവിടെ അന്വേഷിക്കുക ആണല്ലേ… അങ്ങനെ അന്വേഷിക്കുക ആണെങ്കില്‍ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങള്‍ കുടുക്കും” അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്. അത് തന്റെ അടുത്ത് ചെലവാകുമോ ഇല്ലെയോ എന്നത് വേറെക്കാര്യം. പക്ഷേ ഒരു ഭീഷണി പരസ്യമായി നടത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എതിരായ ഭീഷണിയായാണ് ഇതിനെ കാണേണ്ടത്.
ഇപ്പോള്‍ ശരിയായ രീതിയില്‍ നടക്കുന്ന അന്വേഷണം തെറ്റായ രീതിയില്‍ താന്‍ ഇപെട്ട് അവസാനിപ്പിക്കണം എന്നാണ് അതിന്റെ അര്‍ഥം. അല്ലെങ്കില്‍ വരാന്‍ പോകുന്നത് ഇതാണ്. അതാണ് ഭീഷണി. തന്റെ കാര്യത്തില്‍ താന്‍ ഇമ്മാതിരി ഉള്ള ഭീഷണികള്‍ എങ്ങനെ എടുക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇപ്പോള്‍ പലവിധ സംരക്ഷണത്തിലും ഇരിക്കുന്ന ആളാണല്ലോ താന്‍. ഈ സംരക്ഷണം ഒന്നും ഇല്ലാത്ത കാലവും താന്‍ കടന്നുവന്നതാണ്. അത് ഓര്‍ത്താല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ സുരേന്ദ്രനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഇതു തുടര്‍ന്നാല്‍ പിണറായി വിജയന് അധികകാലം വീട്ടില്‍ കിടന്നുറങ്ങേണ്ടി വരില്ലെന്നുമാണ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. മക്കളെ കാണാന്‍ പിണറായി ജയിലില്‍ നിന്നു വരേണ്ടി വരുമെന്നും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.