Connect with us

Wayanad

വാരാമ്പറ്റ സ്കൂളിൽ വീണ്ടും ബെല്‍ മുഴങ്ങി; കുട്ടികള്‍ ആവേശത്തില്‍

Published

|

Last Updated

വാരാമ്പറ്റയിൽ ആരംഭിച്ച സ്കൂൾ അറ്റ് ഹോമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിക്കുന്നു

വെള്ളമുണ്ട | കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് വാരാമ്പറ്റയിൽ ആരംഭിച്ച സ്കൂൾ അറ്റ് ഹോമിന്റെ ഫസ്റ്റ് ബെല്‍ മുഴങ്ങി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫസ്റ്റ് ബെല്‍ മുഴക്കി  പദ്ധതി ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവണ്മെന്റ് ഹൈസ്കൂളിൽ നടപ്പിലാക്കിയ “സ്‌കൂൾ@ഹോം” പദ്ധതി ഇതിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വീടുകളിൽ വിദ്യാലയത്തിന്റെ പകർപ്പൊരുക്കിയാണ് സ്കൂൾ വേറിട്ട മാതൃക തീർക്കുന്നത്. സ്കൂളിലെ ദൈനംദിനചര്യകൾ എങ്ങനെയാണോ അതുപോലെ കുട്ടികൾക്ക് സാഹചര്യമൊരുക്കുന്ന പദ്ധതിയാണിത്. കൊവിഡ് ദുരന്ത മുഖത്ത് വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷ നൽകുന്നതാണ് വാരാമ്പറ്റ സ്കൂൾ അധികൃതരുടെ ഈ വേറിട്ടതും മാതൃകാപരവുമായ പുതിയ പരീക്ഷണം. സംസ്ഥാനത്താകെ നടപ്പിലാക്കാൻ ഉത്തരവാദിത്തപെട്ടവർക്ക് മുന്നിൽ ഇതിനകം ഈ പദ്ധതി ശ്രദ്ധയിൽപെടുത്തുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പറഞ്ഞു.

എല്ലാ വീടുകളിലും കുട്ടികൾക്ക് സ്വന്തമായി സ്റ്റഡി ടേബിൾ ഒരുക്കുകയും അതുവഴി കുട്ടികളെ പഠനസന്നദ്ധരാക്കുകയും ചെയ്യുക, സാധാരണ സ്‌കൂൾ പ്രവർത്തന സമയമായ പത്ത് മണിക്ക് കുട്ടികളെ പഠനത്തിന് തയ്യാറാക്കി സ്റ്റഡി ടേബിളിൽ എത്തിക്കുക, കുട്ടികളുടെ എല്ലാ പഠനോപകരണങ്ങളും സ്റ്റഡി ടേബിളിൽ സൂക്ഷിക്കുക, ഓൺലൈനായി നടക്കുന്ന ക്ലാസ്സുകളും ക്ലാസ്സ് അധ്യാപകരുടെ ക്ലാസ്സുകളും സ്റ്റഡി ടേബിളിൽ വച്ചു തന്നെ കാണുക, വീടുകളിൽ വിദ്യാലയത്തിന്റെ ചെറിയൊരു പതിപ്പ് ആവിഷ്കരിക്കുന്നതു വഴി കുട്ടികളിലെ സ്വഭാവരൂപീകരണത്തിലും അച്ചടക്കത്തിലും സർവ്വതോന്മുഖമായ വളർച്ചയിലും ഇടപെടുക എന്നിവയൊക്കെയാണ് “സ്‌കൂൾ@ഹോം” പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വാർഡ് മെമ്പർ പി എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ വിജയൻ, ഹെഡ്മാസ്റ്റർ
എം ടി ജെയിസ്, എം കെ കമലാദേവി, കെ ടി ലത്തീഫ്, അഷ്‌റഫ് സി കെ, അനീഷ്കുമാർ കെ, ദീപു ആന്റണി, മനോജ്കുമാർ സി,രേഷ്മ കെ എന്നിവർ സംസാരിച്ചു.