National
മതസൗഹാര്‍ദത്തിന് മാതൃക; നാല് മുസ്ലിം കുടുംബങ്ങള്‍ക്ക് പള്ളി പണിയാന്‍ കൈകോര്‍ത്ത് പഞ്ചാബ് ഗ്രാമം

ചണ്ഡീഗഢ് | 1947 ലെ വിഭജനത്തെത്തുടര്‍ന്ന് തിരിച്ചു പോകാന്‍ തീരുമാനിച്ച നാല് മുസ്ലിം കുടുംബങ്ങള്‍ക്കായി പള്ളി പണിഞ്ഞ് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചാബ് ഗ്രാമം. ഭൂലാർ ഗ്രാമത്തില്‍ ഇപ്പോള്‍ ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്. എന്നാല്‍ പള്ളികളൊന്നുമില്ല. ഇതേതുടര്‍ന്ന് തങ്ങളുടെ മുസ്ലിം സഹോദരങ്ങള്‍ക്കും ഒരു ആരാധനാലയം വേണമെന്ന ഗ്രാമവാസികളുടെ അതിയായ ആഗ്രഹമാണ് അവർ ഒത്തുചേർന്ന് സാക്ഷാത്കരിക്കുന്നത്.
നൂറു രൂപമുതല്‍ ഒരു ലക്ഷം രൂപവരെ എല്ലാ ഗ്രാമീണരും സംഭാവന നല്‍കിയാണ് പള്ളിയുടെ സാക്ഷാത്കാരത്തിനായി സഹകരിച്ചത്. ഞായറാഴ്ച രാവിലെയാണ് പള്ളിയുടെ ശിലാസ്ഥാപനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കല്ലിടല്‍ ചടങ്ങിന്റെ വേദി അടുത്തുള്ള ഗുരുദ്വാരയിലേക്ക് മാറ്റണമെന്ന് ഗ്രാമവാസികള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗ്രാമവാസികള്‍ തൊട്ടടുത്തുള്ള ശ്രീ സത്സംഗ് സാഹിബ് ഗുരുദ്വാരയിൽ ചടങ്ങുകള്‍ സംഘടിപ്പിച്ച് മാതൃകയായി.
1947 ലെ വിഭജനത്തിനുമുമ്പ് ഗ്രാമത്തില്‍ ഒരു പള്ളി ഉണ്ടായിരുന്നു. പക്ഷേ കാലഘട്ടത്തിനനുസരിച്ച് അതിന്റെ ഘടന നശിക്കുകയായിരുന്നു. ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് നാല് മുസ്ലിം കുടുംബങ്ങളാണുള്ളത്, അവര്‍ ഞങ്ങള്‍ക്കൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. ഇവിടെ ഹിന്ദു, മുസ്ലിം, സിഖ് കുടുംബങ്ങള്‍ ഗ്രാമത്തില്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെന്നും ഗ്രാമവാസിയായ സര്‍പഞ്ച് പാല സിംഗ് പറഞ്ഞു. മുസ്ലിം കുടുംബങ്ങള്‍ക്കും ആരാധാനാലയം വേണമെന്ന് ഗ്രാമവാസികള്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാലാണ് മുന്‍പുണ്ടായിരുന്ന സ്ഥലത്ത് പള്ളി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം ക്രമീകരിക്കുകയായിരുന്നു. എല്ലാ ഗ്രാമീണരും അവരുടെ മതം നോക്കാതെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതോടെ ഗ്രാമത്തിലെ പത്താമത്തെ ആരാധനാലയമായി ഈ പള്ളിയും ഇനി ഉയര്‍ന്നുനില്‍ക്കും.