Connect with us

Kerala

ഡെല്‍റ്റ വൈറസ് ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം സംസ്ഥാനത്ത് കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്‌ഡൌണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കൊവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണെന്ന് മുഖ്യമന്ത്രി .ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്‌സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. എന്നാല്‍ ഇങ്ങനെ രോഗമുണ്ടാകുന്നവരില്‍ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്‌സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കേണ്ടതാണ്.

കൊവിഡ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മുറക്ക് വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. അതിവ്യാപനമുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ട്.

കൊവിഡ് ചികിത്സക്കയ്‌ക്കൊപ്പം കോവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനും ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ കോവിഡിതര രോഗികളെ പരിചരിച്ച് തുടങ്ങുന്നതാണ്. ഇക്കാര്യത്തില്‍ ആരും ആശങ്കപെടേണ്ടതില്ല. ഇതിനകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കൊവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. അത് ഒഴിവാക്കാന്‍ എല്ലാവരും ഒത്തു ചേര്‍ന്ന് കൈകോര്‍ത്ത് ശ്രമിക്കേണ്ടതാണ്-മുഖ്യമന്ത്രി പറഞ്ഞു

Latest