Kerala
നിയന്ത്രണങ്ങള്‍ ഇനി രോഗവ്യാപനത്തിന്റെ തീവ്രതക്കനുസരിച്ച്; മരിച്ചവരില്‍ കൂടുതലും ഗുരുതര അനുബന്ധ രോഗമുള്ളവര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .
പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. വീടുകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്‍ഗങ്ങളും നടപ്പാക്കും.
ആദിവാസി കോളനികളില്‍ 119 എണ്ണത്തില്‍ 10 കി മീ ചുറ്റളവില്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളില്‍ ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല. 362 കോളനികളില്‍ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈയടുത്തായി മരണസംഖ്യ കൂടി വന്നത് രോഗികളൂടെ എണ്ണത്തിലുണ്ടായ വര്‍ധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങള്‍ ഉള്ളവരാണ് മരണമടഞ്ഞവരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ നോക്കേണ്ടതുണ്ട്. കേരളത്തിലെ മരണനിരക്കില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടാകാതെ ഇരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ പുലര്‍ത്തിയ മികവിന്റെ ഫലമായാണ്.
ലോക് ഡൗണ്‍ സംസ്ഥാനത്ത് പൊതുവേ പൂര്‍ണ്ണമാണ്. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരുന്നു. പൊതുജനം പൂര്‍ണ്ണമനസ്സാെേട തന്നെ ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക് ഡൗണില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.