Connect with us

Kerala

ലീഗ് യോഗം ചേരാത്തത് തലമുറമാറ്റ ആവശ്യം തണുപ്പിക്കാന്‍; ഉന്നതാധികാര സമിതി ഭരണഘടനാ ബാഹ്യമെന്ന ആക്ഷേപം ശക്തം

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഉന്നതാധികാര സമിതി പാര്‍ട്ടി ഭരണഘടനാ ബാഹ്യമായ സംവിധാനമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തുവരുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്ന തലമുറമാറ്റം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അവഗണിക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയും സംസ്ഥാന സമിതിയും ചേരാത്തതെന്നാണ് ആരോപണം. അണികളുടെ വികാരം ശമിപ്പിക്കാനാണ് കൊവിഡിന്റെ പേരില്‍ യോഗം ചേരാതെ നീട്ടിക്കൊണ്ടുപോകുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ പേരില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ഇനി നടക്കില്ലെന്നാണ് അവര്‍ പറയുന്നത്.

ഭരണഘടനാ ബാഹ്യമായി തീരുമാനങ്ങള്‍ എടുക്കുന്നതാണ് പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയമായ അവസ്ഥക്കു കാരണമെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ഈ ആരോപണത്തിനു പിന്തുണയേറുകയാണ്. അധികാര കേന്ദ്രമായി മാറിയ ഉന്നതാധികാര സമിതി സംസ്ഥാന പ്രവര്‍ത്തക സമിതിക്കും സംസ്ഥാന സമിതിക്കും മുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു സമിതി ലീഗ് ഭരണഘടനയിലില്ലെന്നാണ് ആരോപണം. ചില ഉന്നത നേതാക്കള്‍ക്ക് പാര്‍ട്ടിയെ നിയന്ത്രിക്കാനാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്നാണ് ഇത്തരം വിമര്‍ശനം ശക്തമായത്.

ഒമ്പതംഗ ഉന്നതാധികാര സമിതി പലപ്പോഴും പ്രവര്‍ത്തക സമിതിയെ നോക്കുകുത്തിയാക്കിയാണ് തീരുമാനമെടുക്കുന്നതെന്നാണ് ആരോപണം. ഇതിനി അംഗീകരിക്കില്ലെന്നും പാര്‍ട്ടിയില്‍ അഴിച്ചുപണി ആവശ്യമാണെന്നും ഒരു വിഭാഗം പറയുന്നു. ചര്‍ച്ചകളും അഭിപ്രായങ്ങളുമില്ലാതെ ഉന്നതാധികാര സമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതി ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഭരണനഷ്ടത്താല്‍ നിരാശ ബാധിച്ച ചില നേതാക്കളാണ് ഉന്നതാധികാര സമിതിക്കെതിരെ പ്രവര്‍ത്തകരെ ഇളക്കിവിടാന്‍ ശ്രമിക്കുന്നതെന്ന ചര്‍ച്ചയും പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്.

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉന്നതാധികാര സമിതി പാണക്കാട് ചേര്‍ന്നിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി മണ്ഡലങ്ങളിലെ തോല്‍വിയും പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ക്കുള്‍പ്പെടെ ഭൂരിപക്ഷം കുറഞ്ഞതും വിവിധ മണ്ഡങ്ങളില്‍ ലീഗിന്റെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതും വലിയ ആഘാതമാണെന്നു വിലയിരുത്തുക മാത്രമാണ് ചെയ്തത്.

എന്നാല്‍ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്താനോ പാര്‍ട്ടി സംഘടനാ രംഗത്ത് കാലാനുസൃതമായി വരുത്തേണ്ട പരിഷ്‌ക്കരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനോ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
2016 ലെ ഇടത് തരംഗത്തില്‍ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഇത്തവണ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടു. 27 സീറ്റുകളിലാണ് ലീഗ് ഇത്തവണ മത്സരിച്ചത്. അതില്‍ ജയിച്ചത് 15 സീറ്റില്‍ മാത്രം. കഴിഞ്ഞ തവണ ജയിച്ച നാല് സീറ്റുകളില്‍ പാര്‍ട്ടി ഇത്തവണ തോറ്റു. കൊടുവള്ളി പിടിച്ചെടുത്തു, പക്ഷെ നാലു സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു. താനൂരും തിരുവമ്പാടിയും തിരിച്ചുപിടിക്കാമെന്ന ആഗ്രഹം തകര്‍ന്നു. പെരിന്തല്‍മണ്ണയില്‍ പരാജയത്തിന്റെ വക്ക് വരെ പോയി.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പഴയ ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. ഏക വനിതാ സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു. കോങ്ങാട്ടും പുനലൂരും ഗുരുവായൂരുമടക്കം മലപ്പുറത്തിന് തെക്ക് പാര്‍ട്ടി മത്സരിച്ച മണ്ഡലങ്ങളിലൊന്നും നല്ല മത്സരം പോലും കാഴ്ചവെക്കാനായില്ല തുടങ്ങിയ ശക്തമായ ആരോപണങ്ങളുമായി നേതൃത്വത്തിനെതിരെ പടയൊരുക്കത്തിനുള്ള തയാറെടുപ്പിലാണ് ഒരു വിഭാഗം.