Connect with us

Kerala

യു ഡി എഫ് കണ്‍വീനര്‍: അവസാന നോട്ടം കെ മുരളീധരനിലേക്ക്

Published

|

Last Updated

കോഴിക്കോട് | യു ഡി എഫ് കണ്‍വീനര്‍ പദവിയിലെക്ക് കെ മുരളീധരനെ കൊണ്ടുവരാന്‍ വിവിധ വിഭാഗങ്ങളുടെ സമ്മര്‍ദ്ദം. കെ പി സി സിക്ക് പുതിയ പ്രസിഡന്റും പുതിയ പ്രതിപക്ഷ നേതാവും വന്ന സാഹചര്യത്തില്‍ മുന്നണിക്കും ഊര്‍ജസ്വലനായ കണ്‍വീനര്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഒരു പദവയിലേക്കും തന്നെ പരിഗണിക്കരുതെന്ന് കെ മുരളീധരന്‍ ഹൈക്കമാന്റിനെ അറിയിച്ചതായി പ്രചാരണം ഉണ്ടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുരളീധരന്‍ വഴങ്ങുമെന്നുറപ്പാണ്. വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയ പ്രഫ. കെ വി തോമസ്സിനു വേണ്ടി സോണിയാഗാന്ധി നിലക്കൊള്ളുമെന്നതിനാലാണ് തന്നെ പരിഗണിക്കേണ്ടെന്ന നിലപാടിലേക്ക് മുരളീധരന്‍ മാറിയത്.

നേമത്ത് മത്സരിക്കാന്‍ പ്രമുഖരാരും തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ അതിനു മുന്നോട്ടു വന്ന കെ മുരളീധരന് അര്‍ഹമായപാര്‍ട്ടി പദവി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത്. കെ സുധാകരനെ പോലെ അണികളെ ആവേശംകൊള്ളിക്കാനും സി പി എമ്മിനെ നേരിടാനും ശക്തമായ നേതാവ് എന്ന നിലയിലാണ് കെ മുരളീധരനു പിന്‍തുണ ഏറുന്നത്. എന്നാല്‍ പാര്‍ട്ടി പദവി കൈയ്യില്‍ വന്നാല്‍ ഏറെ വൈകാതെ മുരളീധരന്‍ ഒരു ഗ്രൂപ്പിന്റെ നേതാവായി മാറുമെന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്. പിതാവ് കെ കരുണാകരന്‍ ഏറെക്കാലം നേതൃത്വം കൈയ്യാളിയ ഐ ഗ്രൂപ്പിന്റെ പൈതൃക പിന്‍തുടര്‍ച്ച അണികള്‍ മുരളീധരനില്‍ ഏല്‍പ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി വര്‍ഷങ്ങള്‍ക്കു ശേഷവും മുരളീധരനെ നേതാക്കള്‍ തീണ്ടാപ്പാടകലെ നിര്‍ത്തുന്നത്.

കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ എം എം ഹസ്സന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പു പരാജയ ശേഷം ഉണ്ടായ നേതൃമാറ്റങ്ങളുടെ കാറ്റില്‍ അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നുറപ്പാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരാണ് മറ്റുചിലര്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതെങ്കിലും തലമുറ മാറ്റത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ ഈ മാറ്റംകൊണ്ടു സാധ്യമല്ല എന്നതിനാല്‍ തിരുവഞ്ചൂരിന്റെ സാധ്യത മങ്ങുകയാണ്.

അവസാന ഘട്ടത്തില്‍ കെ മുരളീധരന്‍, കെ വി തോമസ് എന്നിവര്‍മാത്രം പരിഗണനാ പട്ടികയില്‍ അവശേഷിക്കുമ്പോള്‍ കെ വി തോമസിനെ ഒതുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുക എന്നതായിരിക്കും പാര്‍ട്ടിയുടെ മുന്നിലുള്ള വെല്ലുവിളി. നേരത്തെ പലവട്ടം പാര്‍ട്ടിയോട് ഉടക്കി മറുകണ്ടം ചാടാന്‍ ശ്രമം നടത്തിയ കെ വി തോമസിനു പിന്നില്‍ അണികളില്ലെങ്കിലും സാമുദായിക സമവാക്യത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് അവസാനം വരെ പൊരുതാനാണ് അദ്ദേഹത്തിന്റെ ശ്രമം.

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തിരഞ്ഞെടുത്തപ്പോള്‍ മൗനം പാലിച്ച എ, ഐ ഗ്രൂപ്പുകളെ നോക്കു കുത്തികളാക്കിയാണ് കെ പി സി സി പ്രസിഡന്റായി കെ സുധാകരനെ ഹൈക്കമാണ്ട് പ്രഖ്യാപിച്ചത്. വര്‍ക്കിങ്ങ് പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തിലും ഗ്രൂപ്പുകളെ മുഖവിലക്കെടുത്തില്ല. യു ഡി എഫ് കണ്‍വീനര്‍ പദവിയിലും തങ്ങളുടെ തലക്കു മുകളിലൂടെ ആരെങ്കിലും ഇറങ്ങിവരുമോ എന്നാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ആശങ്കപ്പെടുന്നത്. താക്കോല്‍ സ്ഥാനങ്ങളൊന്നുമില്ലാത്ത പ്രമുഖ ഗ്രൂപ്പുകളെ ഹൈജാക്ക് ചെയ്യാന്‍ ശേഷിയുള്ള നേതാവ് എന്ന നിലയില്‍ മുരളീധരനെ ഭയപ്പാടോടെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നോക്കുന്നത്.

മുന്നണി ഘടക കക്ഷികള്‍ക്കും കെ മുരളീധരന്‍ കണ്‍വീനറായി വരുന്നതിനാണു താല്‍പര്യം. മുസ്്ലിം ലീഗുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നേതാവായി അടുത്ത കാലത്ത് മുരളീധരന്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു മുതല്‍ മുസ്്ലിം ലീഗ് രൂപപ്പെടുത്തിയെടുത്ത ജമാഅത്തെ ഇസ്്ലാമി ബന്ധത്തെ എതിര്‍ത്തുകൊണ്ട് അന്നത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നപ്പോഴും ജമാഅത്തെ ഇസ്ലാമിയെ ശക്തമായി ന്യായീകരിച്ചുകൊണ്ടു ലീഗിന്റെ വികാരത്തിനൊപ്പം നിന്ന നേതാവാണ് മുരളീധരന്‍.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്