Connect with us

Ongoing News

മഴയെന്ന അനുഗ്രഹം

Published

|

Last Updated

അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് മഴ. മഴയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യനെ മണ്ണില്‍ ഉറപ്പിച്ചതും വളര്‍ത്തിയതും വിണ്ണില്‍ നിന്നുള്ള മഴയാണ്. ജീവന്റെ നിലനില്‍പ്പിനാവശ്യമായ ഭൂമിയുടെ ഫലദായകത്വം സ്രഷ്ടാവ് ഉറപ്പുവരുത്തുന്നത് മഴയിലൂടെയാണ്. അല്ലാഹു പറയുന്നു: “അവൻ (അല്ലാഹു) തന്നെയാണ് മനുഷ്യർ നിരാശപ്പെട്ടതിനു ശേഷം മഴ ഇറക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ. അവൻ തന്നെയാകുന്നു സ്തുത്യർഹനായ കൈകാര്യകർത്താവും.” (അശ്ശൂറാ: 28)
മഴ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലൊന്നാണത്. ചെടിയും വൃക്ഷവും തളിർക്കുന്നപോലെ സാഹിത്യ സൃഷ്ടി സമ്പുഷ്ടമാകുന്നതിന് മഴ ഹേതുവാകാറുണ്ട്. മഴയിൽ കുതിർന്ന് നിൽക്കുന്ന ഒരുപാട് രചനകൾ മലയാളത്തിലും വിശ്വസാഹിത്യത്തിലും കാണാവുന്നതാണ്.

ഭൂമിയിലെ സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, അരുവികൾ തുടങ്ങിയ ജലാശയങ്ങളില്‍ നിന്ന് സൂര്യതാപത്താൽ ജലം ആവിയായി അന്തരീക്ഷത്തിലേക്കുയര്‍ന്ന് അനുകൂലസാഹചര്യങ്ങളില്‍ ഘനീഭവിച്ച് വീണ്ടും വെള്ളമായി ഭൂമിയിലേക്ക് പെയ്യുന്ന പ്രക്രിയയെയാണ് ശാസ്ത്രലോകം മഴയെന്ന് വിശേഷിപ്പിക്കുന്നത്. മഴ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നു എന്നാണ് ഖുർആനിന്റെ ഭാഷ്യം. അല്ലാഹു പറയുന്നു: “മാനത്ത് നിന്ന് മഴവീഴ്ത്തി അതുവഴി നിങ്ങള്‍ക്ക് കഴിക്കാനുള്ള കായ്കനികള്‍ കിളിര്‍പ്പിച്ച് തന്നു” (അൽബഖറ: 22).

മഴ സംബന്ധിയായി ഖുർആനിന്റെയും ശാസ്ത്രത്തിന്റെയും വിശകലനങ്ങൾ വൈരുധ്യമാകുന്നില്ല. കാരണം, മഴ മുകൾഭാഗത്തുള്ള ആകാശത്തിന്റെ ദിശയില്‍നിന്ന് വരുന്നതുകൊണ്ടാണ് ഖുർആൻ അങ്ങനെ പറഞ്ഞതെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നുണ്ട്. അറബിയിലെ ‘സമാഅ്’ എന്ന പദത്തിന് മുകള്‍ഭാഗം എന്നർഥവുമുണ്ട്. ഖുർആനിൻ ‘മിനസ്സമാഅ്’ (ആകാശത്തുനിന്ന്) എന്ന് ധാരാളം സ്ഥലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം ‘ഉപരിഭാഗത്തുനിന്ന് ” എന്ന ഉദ്ദേശ്യത്തിലാണ്. നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന ജലകണങ്ങള്‍ മേഘങ്ങളായി രൂപപ്പെടുന്നതും കാറ്റ് മേഘങ്ങളെ ചലിപ്പിക്കുന്നതും ശേഷം മഴയായി പെയ്തിറങ്ങുന്നതുമെല്ലാം വളരെ മനോഹരമായി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. “അല്ലാഹു മേഘത്തെ മന്ദംമന്ദം ചലിപ്പിക്കുന്നതും പിന്നെ അതിന്റെ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ അതിനിടയില്‍നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നത് കാണാം. ആകാശത്തുനിന്നും പര്‍വതസമാനമായ മേഘങ്ങള്‍ക്കിടയിലൂടെ ആലിപ്പഴവും വര്‍ഷിക്കുന്നു. അവന്‍ ഇഛിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനിഛിക്കുന്നവരില്‍നിന്ന് അത് തടയുകയും ചെയ്യുന്നു. മിന്നൽപ്പിണറാകട്ടെ, കണ്ണുകള്‍ റാഞ്ചി എടുക്കുമാറാകുന്നു” (അന്നൂര്‍ : 43).

മഴ വർഷിക്കുന്നതും ഋതുഭേദങ്ങൾ സംഭവിക്കുന്നതും പ്രകൃതിയുടെ പ്രതിഭാസമായിട്ടാണ് ശാസ്ത്രം അവതരിപ്പിക്കുന്നത്. പക്ഷേ, അത് കേവലം യാദൃച്ഛികമോ പ്രകൃതിയുടെ വെറുമൊരു പ്രവർത്തനമോ അല്ലെന്നും മനുഷ്യര്‍ക്കതില്‍ പങ്കില്ലെന്നും സർവശക്തനായ അല്ലാഹുവാണ് ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതെന്നും സംവിധാനിക്കുന്നതെന്നുമാണ് ഇസ്്ലാമിക വിശ്വാസം.

അതുകൊണ്ട് തന്നെ ശാസ്ത്ര നിർവചനത്തിലുള്ള കാര്യകാരണ ബന്ധങ്ങൾക്കതീതമായി കാര്യങ്ങൾ നടക്കാറുണ്ട്. ഭൂമിയില്‍നിന്ന് ആകാശത്തേക്ക് നീരാവിയായി പോകുന്ന ഉപ്പ് രസമുള്ള കടല്‍ ജലം ഭൂമിയിലേക്ക് മഴയായി വരുമ്പോൾ ശുദ്ധജലമായി മാറുന്നതും നടുക്കടലിലും വിജനമായ പ്രദേശങ്ങളിലും മഴ വർഷിക്കുന്നതുമെല്ലാം ഒരു അഭൗതിക ശക്തിയുടെ സാന്നിധ്യം വിളിച്ചോതുന്നു.
അല്ലാഹുവിന്റെ അനുഗ്രമായും പരീക്ഷണമായും മഴ വർഷിക്കാറുണ്ട്. ഖുർആനിൽ മുപ്പതോളം സൂക്തങ്ങളിൽ മഴയുടെ പരാമർശങ്ങളുണ്ട്. അനുഗ്രഹവും കാരുണ്യവുമായി പെയ്തിറങ്ങുന്ന മഴയെ പരിചയപ്പെടുത്താൻ “ഗൈസ്” എന്ന പദമാണ് ഖുർആൻ പ്രയോഗിച്ചത്. “ആകാശത്ത് നിന്നും ഇറക്കിയ വെള്ളം” എന്നര്‍ഥം വരുന്ന വിവിധ പദപ്രയോഗങ്ങള്‍ ഖുർആനിലുണ്ട്. മഴക്ക് സാധാരണ പറയാറുള്ള “മത്വര്‍” എന്ന പദവും അതിന്റെ വിവിധ ക്രിയാരൂപങ്ങളും ഖുർആനിൽ വന്നിട്ടുണ്ട്. അത് അല്ലാഹുവിന്റെ ശിക്ഷയായിട്ട് ആകാശത്ത് നിന്ന് പെയ്തിറങ്ങിയ മഴയെയും അതിനാലുണ്ടാകുന്ന പ്രയാസത്തെയും പരാമര്‍ശിക്കാനാണ് പ്രയോഗിച്ചത്.
വളരെ നേരിയ മഴ (Very light rainfall), ചാറ്റൽ മഴ, (Light rainfall), മിതമായ മഴ (Moderate), ശക്തമായ മഴ (Heavy rainfall), അതി ശക്തമായ മഴ (Very heavy rainfall), അതിതീവ്ര മഴ (Extremely heavy rainfall) എന്നിങ്ങനെ മഴയെ അതിന്റെ തോതനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. കുത്തിയൊലിക്കുന്ന മഴയെ കുറിക്കാന്‍ “സ്വയ്യിബ്” എന്ന പദവും ഘോരമഴയെ കാണിക്കാൻ “വാബില്‍” എന്ന പദവും ചാറ്റല്‍ മഴയെ പരിചയപ്പെടുത്താന്‍ “ത്വല്ല്” എന്ന പദവും ആലിപ്പഴവര്‍ഷത്തിന് “ബര്‍ദ്” എന്ന പദവും മഴവാക്കുകളായി ഖുർ ആനിലുണ്ട്. തിന്മകളുടെ ഉപാസകരായിരുന്ന സമൂഹങ്ങളെ ശിക്ഷിക്കാൻ കല്ലുമഴയും (ഹൂദ് : 82), രക്തമഴയും (അഅ്‌റാഫ് : 133) അല്ലാഹു ഇറക്കിയിട്ടുണ്ട്.
ജീവിതം, മരണം, പുനരുജ്ജീവനം, ഐഹിക സുഖങ്ങള്‍, സന്മാര്‍ഗം, ദാനധർമങ്ങള്‍ തുടങ്ങിയവയുടെ അർഥപൂർണമായ ഉപമകളായി ഖുര്‍ആന്‍ മഴയെ ചിത്രീകരിക്കുന്നുണ്ട്. പരലോകവിശ്വാസത്തെ ശക്തിപ്പെടുത്താനും ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദൃഢീകരിക്കാനും ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന തെളിവുകളിലൊന്ന് മഴയാണ്. നിർജീവമായ ഭൂമിയിൽ മഴ വർഷിച്ച് ഫലസമൃദ്ധമാക്കിയെടുക്കുന്ന പ്രക്രിയ പോലെയാണ് മരിച്ചവരുടെ പുനർജീവനമെന്ന് ഖുർആൻ പറയുന്നു. “ഭൂമി വരണ്ടു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടി കൊള്ളുന്നു. കൗതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു.” (അല്‍ ഹജ്ജ്: 5). നശ്വരമായ ഐഹിക ജീവിതത്തിന്റെ പ്രതീകമായും ഖുര്‍ആന്‍ മഴയെ ഉപമിച്ചിട്ടുണ്ട്. “നിങ്ങള്‍ അറിഞ്ഞിരിക്കണം, ഐഹികജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മത്സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു. ഒരു മഴ പെയ്തു. അതിലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്‌ക്കോലായിത്തീരുന്നു” (അല്‍ ഹദീദ് : 20, 21). ഐഹികജീവിതത്തിന്റെ ആകെത്തുകയും അതിന്റെ യഥാർഥ നിലപാടും ഈ വചനത്തില്‍ നിന്നും വ്യക്തമാണ്.

മഴ വഴി ഭൂമിയിൽ ഇടകലർന്ന് പൂത്തും തളിർത്തും കായ്ച്ചും നിൽക്കുന്ന സസ്യങ്ങൾ പെട്ടെന്നു ഒരു കാറ്റിന് എല്ലാം നശിച്ച് പോകുന്ന പോലെ മനുഷ്യന്റെ ഐഹികജീവിതത്തിലെ ആനന്ദങ്ങൾ ഞൊടിയിട കൊണ്ട് തകർന്നടിയുമെന്നാണ് ഈ ഉപമയിലൂടെ ബോധ്യപ്പെടുത്തുന്നത് .
മഴയുടെ സൗന്ദര്യവും അനുഗ്രഹവും ആസ്വദിക്കുമ്പോഴും ‘മഴ’ എന്ന അത്ഭുത പ്രതിഭാസത്തിന് പിറകിലെ അല്ലാഹുവിന്റെ അപാരവൈഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ മഴസൂക്തങ്ങളും തിരുവചനങ്ങളിലെ മഴമൊഴികളും. മറ്റെല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും പോലെ മഴയും പ്രപഞ്ച സ്രഷ്ടാവിനെ കണ്ടെത്തുന്നതിലേക്ക് വഴി നടത്തുന്നു.