Editorial
മുകുൾ റോയിയുടെ തിരിച്ചുവരവ്

തൃണമൂൽ നേതാക്കളുടെ ബി ജെ പിയിലേക്കുള്ള ഒഴുക്കായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിൽ. ഇന്ന് ഒഴുക്ക് തിരിച്ചാണ്. തൃണമൂലിലേക്ക് മാറിക്കൊണ്ടിരിക്കയാണ് ഒന്നൊന്നായി. ദീപേന്ദു ബിശ്വാസ് തൃണമൂൽ കോൺഗ്രസിലേക്കു തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് കത്തെഴുതിയിരിക്കുകയാണ്. മുൻ എം എൽ എ പ്രബീർ ഘോസൽ, സോണാലി ഗുഹ തുടങ്ങിയവരും തൃണമൂൽവിട്ടതിൽ ഖേദം പ്രകടിപ്പിച്ചു. അതിന് പിന്നാലെയാണ് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ്് മുകുൾ റോയിയുടെയും മകൻ സുഭ്രാംശു റോയിയുടെയും തിരിച്ചുവരവ്. വെള്ളിയാഴ്ച കൊൽക്കത്ത തൃണമൂൽ ഭവനിലെത്തി മമതാ ബാനർജിയുമായി ചർച്ച നടത്തിയ ശേഷമാണ് തൃണമൂലിലേക്ക് മടങ്ങുന്നതായി മുകുൾ റോയ് പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവും മമതയുടെ വലംകൈയുമായിരുന്ന മുകുൾറോയ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2017ലാണ് തൃണമൂൽ വിട്ടു ബി ജെ പിയിലെത്തിയത്. ബംഗാളിൽ ബി ജെ പിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ, വിശിഷ്യാ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പിയുടെ മുന്നേറ്റത്തിൽ മുഖ്യപങ്ക് വഹിച്ചു അദ്ദേഹം.
അടുത്തിടെയായി ബി ജെ പിയുമായി അകൽച്ചയിലായിരുന്നു മുകുൾറോയ്. സുവേന്ദു അധികാരിയുടെ വരവാണ് നിമിത്തം. സംസ്ഥാനത്ത് ബി ജെ പിയുടെ മുന്നേറ്റത്തിന് അക്ഷീണം പ്രയത്‌നിച്ച മുകുൾ റോയിയേക്കാൾ സുവേന്ദുവിനാണ്, ഇദ്ദേഹത്തിന്റെ വരവോടെ ബി ജെ പി കൂടുതൽ പ്രാമുഖ്യം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തിയതോടെ സുവേന്ദുവിന്റെ സ്ഥാനം പിന്നെയും വർധിച്ചു. ഇത് മുകുൾ റോയിയെ അസ്വസ്ഥനാക്കി. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബി ജെ പി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു അദ്ദേഹം. മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം മൗനിയായി. 2017ൽ ബി ജെ പിയിൽ ചേർന്നത് മുതൽ താൻ “ശ്വാസംമുട്ടൽ” അനുഭവിക്കുകയാണെന്നും ബി ജെ പിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിന് യോജിച്ചതല്ലെന്നുമാണ് മുകുൾ റോയ് തന്റെ അടുത്ത അനുയായികളോട് പറഞ്ഞത്. തൃണമൂൽ നേതൃത്വം അദ്ദേഹത്തിന്റെ ഈ മാനസികാവസ്ഥ കണ്ടറിഞ്ഞു കരുക്കൾ നീക്കിയതാണ് തിരിച്ചുവരവിനു വഴിയൊരുക്കിയത്.
മുകുൾ റോയിയുടെ ഭാര്യ ചികിത്സാർഥം ആശുപത്രിയിൽ കഴിയവേ തൃണമൂൽ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ആശുപത്രിയിലെത്തിയിരുന്നു. പത്ത് മിനുട്ടോളം ഇരുവരും സംഭാഷണത്തിലേർപ്പെട്ടു. ഇതോടെ “ഘർ വാപസി”ക്കുള്ള മമതയുടെ ക്ഷണവുമായാണ് അഭിഷേക് എത്തിയതെന്ന വിവരം ബംഗാൾ രാഷ്ട്രീയത്തിൽ കാട്ടുതീ പോലെ പടർന്നു. സ്വാഭാവികമായും ബി ജെ പി കേന്ദ്രങ്ങളിൽ ഇത് അങ്കലാപ്പ് സൃഷ്ടിച്ചു. അഭിഷേക് ബാനർജി ആശുപത്രിയിൽ നിന്ന് മടങ്ങി ഏറെതാമസിയാതെ ബംഗാൾ ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷ് അവിടെയെത്തി മുകുൾ റോയിയുമായി സംസാരിച്ചു. ജൂൺ മൂന്നിന് രാവിലെ സാക്ഷാൽ നരേന്ദ്ര മോദി തന്നെ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. സുഖവിവരങ്ങളന്വേഷിക്കാനായിരുന്നു വിളിയെന്നായിരുന്നു ഇതേക്കുറിച്ചു മുകുൾറോയിയുടെ പ്രതികരണമെങ്കിലും മോദിയുടെ ഫോൺവിളിക്ക് അതിലപ്പുറത്തെ മാനങ്ങളുണ്ടെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അദ്ദേഹത്തെ ബി ജെ പിയിൽ തന്നെ ഉറപ്പിച്ചു നിർത്തുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്നാൽ ആ ശ്രമം വൃഥാവിലായി. ബംഗാളിൽ ബി ജെ പിയുടെ കൂറുമാറ്റൽ തന്ത്രത്തിനേറ്റ ഏറ്റവും വലിയ ക്ഷതമാണിത്. അമിത് ഷാ നേരിട്ടായിരുന്നു ഇവിടെ കൂറുമാറ്റ പദ്ധതിക്ക് നേതൃത്വം വഹിച്ചിരുന്നത്.
മുകുൾറോയിയെ പോലെ തൃണമൂൽ വിട്ടു ബി ജെ പിയിലേക്കുപോയ മറ്റ് നേതാക്കളും അവിടെ ശ്വാസം മുട്ടിക്കഴിയുകയാണ്. ബി ജെ പി കോടികൾ വാഗ്ദാനം ചെയ്തു തങ്ങളുടെ പാളയത്തിലെത്തിച്ച ഇവരിൽ പലരും ഇതിനകം തിരിച്ചു വരവിനുള്ള താത്പര്യം തൃണമൂൽ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. 35ഓളം ബി ജെ പി. എൽ എമാർ പാർട്ടിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്. കൂടാതെ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ക്ഷീണത്തിന് ബി ജെ പി നേതൃത്വത്തെ ചോദ്യം ചെയ്തു പല നേതാക്കളും രംഗത്തു വന്നിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സുവേന്ദു അധികാരി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിക്കെതിരെ തിരിയുന്ന നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കാൻ പുതിയ അച്ചടക്ക സമിതി രൂപവത്കരിക്കുമെന്നു ബി ജെ പി സംസ്ഥാന നേതൃത്വം ഭീഷണി മുഴക്കിയിട്ടുമുണ്ട്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബോസാണ് ഇക്കാര്യം അറിയിച്ചത്.
പത്ത് വർഷം തുടർച്ചയായി ഭരണം കൈയാളിയ തൃണമൂൽ കോൺഗ്രസിനെ തകർത്ത് ബംഗാളിനെ കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു തൃണമൂൽ നേതാക്കളുടെ ബി ജെ പിയിേലക്കുള്ള ഒഴുക്ക്. വർഷങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ വൻ തോതിൽ പണമൊഴുക്കിയാണ് അമിത് ഷാ ഇത് സാധിച്ചെടുത്തത്. ഷായുടെ ഈ തന്ത്രങ്ങളാണ് ഇപ്പോൾ നിഷ്ഫലമായിക്കൊണ്ടിരിക്കുന്നത്. അമിത് ഷായേക്കാൾ വലിയ രാഷ്ട്രീയ കൗശലക്കാരിയാണ് താനെന്നു തെളിയിച്ചിരിക്കയാണ് ഇതിലൂടെ മമത. എന്നാൽ പാർട്ടിക്ക് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ക്ഷീണവും മോദിക്കു ദേശീയ തലത്തിൽ തന്നെ വെല്ലുവിളി ഉയർത്തുന്ന മമതയുടെ രാഷ്ട്രീയ കരുനീക്കങ്ങളും ബി ജെ പി നേതൃത്വം കൈയും കെട്ടി നോക്കിനിൽക്കുമോ? ബി ജെ പി ഇതര സംസ്ഥാന ഭരണകക്ഷികളോട് രാഷ്ട്രീയമായി പരാജയപ്പെടുമ്പോൾ, അതിനെ പ്രതിരോധിക്കാനുള്ളതാണല്ലോ മോദി സർക്കാറിന് ഗവർണർ, കേന്ദ്ര അന്വേഷണ ഏജൻസികൾ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ. ഇവ ഉപയോഗപ്പെടുത്തിയുള്ള കളികളായിരിക്കും ബംഗാളിൽ ഇനി മമതാ സർക്കാറിനെതിരെ കേന്ദ്രം നടത്താനിരിക്കുന്നത്.