Connect with us

Kerala

ഗുജറാത്തിൽ നിന്നുള്ള ചരക്കുകപ്പൽ: വാണിജ്യ മേഖലക്ക് പ്രതീക്ഷ

Published

|

Last Updated

കോഴിക്കോട് | ഗുജറാത്തിൽ നിന്നുള്ള ചരക്കു കപ്പൽ ബേപ്പൂർ, അഴീക്കൽ, കൊച്ചി തുറമുഖങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിലെ വ്യാപാര മേഖലയിൽ പ്രതീക്ഷ. സിമന്റ്അടക്കമുള്ള സാധന സാമഗ്രികളുടെ വിലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ചരക്കു കപ്പൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും കണ്ണൂരിലുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ സിമന്റ്, ടൈൽസ്, സ്റ്റീൽ, ടയർ , പ്ലൈവുഡ്, അരി, പാമോയിൽ എന്നീ മേഖലകളിലെ വ്യാപാരികൾ പങ്കെടുത്തു. സ്വകാര്യ പാമോയിൽ ഏജൻസി മാത്രം 300 കണ്ടെയ്‌നറാണ് ഓഫർ ചെയ്തിട്ടുള്ളത്.

നിലവിൽ റോഡ് വഴി ടൈൽസ് അടക്കമുള്ള ചരക്കുകൾ എത്തുമ്പോൾ വൻ തുകയാണ് ചെലവ് വരുന്നത്. സിമന്റിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2019ൽ ഗ്രേറ്റ് സീ എന്ന ചരക്കു കപ്പൽ നിലച്ചതിന് ശേഷം ആദ്യമായാണ് ഈ തീരങ്ങളിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള ഒരു ചരക്കു കപ്പലെത്തുന്നത്. നിലവിൽ ലക്ഷദ്വീപിലേക്ക് ചരക്കു കപ്പൽ ബേപ്പൂരിൽ നിന്ന് പുറപ്പെടുന്നുണ്ട്.

തുറമുഖ-മ്യൂസിയം മന്ത്രി അഹ്‌മദ് ദേവർകോവിൽ അധികാരമേറ്റെടുത്ത ഉടനെ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് ചരക്കു കപ്പൽ പുനരാരംഭിക്കുകയെന്നത്. ഇന്നലെ കോഴിക്കോട് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന രണ്ടാംഘട്ട ചർച്ചയിൽ കപ്പൽ മാനേജ്‌മെന്റ് പ്രതിനിധികളും വാണിജ്യ-വ്യവസായ, തൊഴിൽ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ, കാലിക്കറ്റ് ചേംബർ പോർട്ട് കമ്മിറ്റി കൺവീനർ മുൻഷിദ് അലി, കേരള സ്റ്റേറ്റ് സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസിനെ പ്രതിനിധാനം ചെയ്ത് എൻ ഖാലിദ്, കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ എം ഹമീദലി, പാരിസൺസ് ഗ്രൂപ്പ് എം ഡി. എൻ കെ മുഹമ്മദ് അലി, പോർട്ട് ഓഫീസർമാരായ എബ്രഹാം കുര്യാക്കോസ്, ക്യാപ്റ്റൻ പ്രതീഷ് നായർ, കപ്പൽ മാനേജ്‌മെന്റിനെ പ്രതിനിധാനം ചെയ്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിരൺ നാന്ദ്രെ, ഷിപ്പ് ഓണർ മോൻസാർ ആലങ്കാട്ട്, ജെ എം ബക്ഷി ഗ്രൂപ്പ് അസി. വൈസ് പ്രസിഡന്റ് സജിത് ലാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കേരളത്തിൽ നിന്ന് തിരിച്ചു കൊണ്ടുപോകാനുളള ചരക്കുകളെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയായിട്ടില്ല. ബേപ്പൂരിൽ നിന്ന് ചെരുപ്പിന്റെ കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. അടക്ക, കൊപ്ര, കുരുമുളക് എന്നിവയാണ് മറ്റുള്ളവ. ചരക്കു കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ കയറ്റുമതിക്ക് കൂടുതൽ ഓർഡർ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുന്ദ്ര, മോർദി തുറമുഖങ്ങളിൽ നിന്നാണ് ചരക്കു കപ്പൽ സർവീസ് ആരംഭിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ജെ എം ബക്ഷി ആൻഡ് കമ്പനിയുടെ ഹോപ് -7 -100 ടി ഇ യു കപ്പൽ ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.